ഇറാൻ അംബാസഡറെ പുറത്താക്കി ഓസ്ട്രേലിയ
Wednesday, August 27, 2025 2:29 AM IST
മെൽബൺ: രാജ്യത്ത് ഇറാൻ ജൂതവിരുദ്ധ ആക്രമണങ്ങൾ നടത്തുന്നതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. ഇറാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുകയാണെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി അറിയിച്ചു.
കഴിഞ്ഞ വർഷം സിഡ്നിയിലെ ഭക്ഷ്യ കമ്പനിയിലും മെൽബണിലെ സിനഗോഗിലുമുണ്ടായ ആക്രമണങ്ങൾ ഇറാന്റെ നിർദേശപ്രകാരമാണു നടന്നതെന്ന് ഓസ്ട്രേലിയൻ ഇന്റലിജൻസ് ഏജൻസി കണ്ടെത്തിയിട്ടുണ്ട്. ഇറാന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നും ആൽബനീസ് പറഞ്ഞു.
ഓസ്ട്രേലിയയിലെ ഇറാൻ അംബാസഡർ അഹമ്മദ് സാദേഗിയെ പുറത്താക്കിയതായും ഇറാനിലെ ഓസ്ട്രേലിയൻ നയതന്ത്രജ്ഞരെ പിൻവലിച്ചതായും അൽബനീസ് അറിയിച്ചു.
ഇറാനിലെ ഓസ്ട്രേലിയക്കാരോടു രാജ്യംവിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിലേക്കു യാത്ര ചെയ്യരുതെന്നു പൗരന്മാർക്കു മുന്നറിയിപ്പും നൽകിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഓസ്ട്രേലിയ ഒരു അംബാസഡറെ പുറത്താക്കുന്നത് ഇതാദ്യമാണ്.
ഇറാൻ റെവല്യൂഷണറി ഗാർഡ്സിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാൻ ഓസ്ട്രേലിയ നിയമനിർമാണം നടത്തുമെന്ന് അൽബനീസ് പറഞ്ഞു. എന്നാൽ ആക്രമണങ്ങളിൽ ഇറാന്റെ പങ്ക് സംബന്ധിച്ച് തെളിവൊന്നും പുറത്തുവിട്ടിട്ടില്ല.