എണ്ണപ്പണം അലക്കിവെളുപ്പിക്കുന്ന കേന്ദ്രമായി ഇന്ത്യ മാറിയെന്ന് യുഎസ്
Saturday, August 30, 2025 1:34 AM IST
ന്യൂയോർക്ക്/വാഷിംഗ്ടൺ: ക്രെംലിന് വേണ്ടി എണ്ണപ്പണം അലക്കിവെളുപ്പിക്കുന്ന കേന്ദ്രമായി ഇന്ത്യ മാറിയെന്ന ആരോപണവുമായി വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. യുക്രൈയ്ൻ സംഘർഷം ഇന്ത്യയുടെ യുദ്ധമാണെന്ന് കഴിഞ്ഞ ദിവസം നവാരോ അവകാശപ്പെട്ടിരുന്നു.
റഷ്യൻ ആയുധങ്ങൾ വാങ്ങുന്ന ഇന്ത്യ, അതേസമയം തന്നെ രഹസ്യസ്വഭാവമുള്ള സൈനിക സാങ്കേതികവിദ്യകൾ തങ്ങൾക്കു കൈമാറാനും രാജ്യത്ത് ഇവയുടെ നിർമാണ ഫാക്ടറികൾ ആരംഭിക്കാനും യുഎസിനോട് ആവശ്യപ്പെടുകയാണ്.
യുഎസിന്റെ നയതന്ത്ര പങ്കാളിയായി പരിഗണിക്കപ്പെടണമെങ്കിൽ, ഇന്ത്യ അതനുസരിച്ച് പെരുമാറണമെന്ന് ഇന്ത്യയെ വിമർശിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകളോടൊപ്പം നവരോ പറഞ്ഞു. ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിൽ തുച്ഛമായ വിലയ്ക്കു വാങ്ങി പെട്രോളിയം യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു പണമുണ്ടാക്കുന്നു. റഷ്യയ്ക്ക് യുദ്ധം തുടരാൻ സാന്പത്തികസഹായം നൽകുന്നു.
അമേരിക്കക്കാർ ഇന്ത്യൻ ഉത്പന്നങ്ങൾ ഉപയോഗിക്കുന്പോൾ ഇന്ത്യ അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഉയർന്ന താരിഫ് ചുമത്തുന്നുവെന്നും നവാരോ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യയെ ലക്ഷ്യംവച്ചുള്ള പ്രസ്താവനകൾ ഇദ്ദേഹം തുടർച്ചയായി നടത്തുന്നുണ്ടെങ്കിലും ഇന്ത്യ ഉടനടി പ്രതികരിച്ചില്ല.