വിദ്യാഭ്യാസ-തൊഴിൽ അന്തരം നികത്താന്‍ പരിഷ്കാരങ്ങള്‍: മന്ത്രി ആര്. ബിന്ദു
Saturday, August 30, 2025 1:34 AM IST
കൊച്ചി: കേരളത്തെ നോളജ് സൊസൈറ്റിയാക്കി മാറ്റുന്നതിന് ഊന്നല്‍ നല്കി, ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പരിഷ്കാരങ്ങളാണു നടക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന സ്കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റ് 2025 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള അന്തരം നികത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. വിദ്യാര്‍ഥികളെ ജോലി നേടാന്‍ മാത്രമല്ല, ജോലി സൃഷ്ടിക്കുന്നവരാക്കി മാറ്റുന്നതിനായി കാമ്പസുകളില്‍ ഇന്‍കുബേഷന്‍ സെന്ററുകള്‍, മെന്ററിംഗ്, ഫണ്ടിംഗ് സൗകര്യങ്ങള്‍ എന്നിവ ഒരുക്കും.
സ്കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റ് നൈപുണ്യ വികസനത്തിനും തൊഴില്‍ ലഭ്യതയ്ക്കും കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറണമെന്നും മന്ത്രി പറഞ്ഞു.
പ്രമുഖ കരിയര്‍ പ്ലാറ്റ്ഫോമായ ലിങ്ക്ഡ് ഇന്‍ തയാറാക്കിയ ‘കേരള ടാലന്റ് റിപ്പോര്‍ട്ട് -2025’ മന്ത്രി പുറത്തിറക്കി.
കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന് സ്ട്രാറ്റജിക് കൗണ്‍സിലാണ് (കെ-ഡിസ്ക്) ഗ്ലോബല്‍ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. കര്‍ണാടക നൈപുണ്യ വികസന വകുപ്പ് മന്ത്രി ഡോ.ശരണ്‍ പ്രകാശ് പട്ടീല്‍ മുഖ്യാതിഥിയായിരുന്നു. മന്ത്രി പി. രാജീവ്, വിജ്ഞാനകേരളം പദ്ധതി ഉപദേഷ്ടാവ് ഡോ. ടി.എം. തോമസ് ഐസക് തുടങ്ങിയവര്‍ പങ്കെടുത്തു.