സൂറിച്ച് ഡയമണ്ട് ഫൈനലില്‍ നീരജ് ചോപ്രയ്ക്കു വെള്ളി
Saturday, August 30, 2025 1:52 AM IST
സൂറിച്ച്: ലോക അത്ലറ്റിക്സില് ഇന്ത്യയുടെ മുഖമായ നീരജ് ചോപ്രയ്ക്ക്, 2025 സീസണിലെ അവസാന ഡയമണ്ട് ലീഗ് പോരാട്ടത്തില്‍ വെള്ളി മെഡല്‍. സൂറിച്ചില്‍ നടന്ന ഡയമണ്ട് ഫൈനലിലാണ് പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര വെള്ളി സ്വന്തമാക്കിയത്.
2023, 2024 സീസണുകളിലും ഡയമണ്ട് ഫൈനലില്‍ നീരജിനായിരുന്നു രണ്ടാം സ്ഥാനം. 2022 സൂറിച്ച് ഡയമണ്ട് ഫൈനലില്‍ നീരജ് സ്വര്‍ണം സ്വന്തമാക്കിയിരുന്നു. ഇതോടെ ഡയമണ്ട് ലീഗ് ഫൈനലില്‍ മൂന്നു വെള്ളിയും ഒരു സ്വര്‍ണവും അടക്കം നീരജിന് നാലു മെഡലായി.
അവസാന ശ്രമത്തില്‍ വെള്ളി
സൂറിച്ച് ഫൈനലിലെ ആദ്യ ഏറില്‍ 84.35 മീറ്റര്‍ ആയിരുന്നു നീരജ് ചോപ്ര ക്ലിയര്‍ ചെയ്തത്. അഞ്ചാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു നീരജ്. എന്നാല്‍, അവസാന ശ്രമത്തില്‍ 85.01 മീറ്റര്‍ ക്ലിയര്‍ ചെയ്ത് നീരജ് രണ്ടാം സ്ഥാനത്തേക്ക് എത്തി. മൂന്നു ശ്രമം ഫൗളില്‍ കലാശിച്ചു. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുടെ കെഷോണ്‍ വാല്‍ക്കോട്ട് (84.95 മീറ്റര്‍) അതോടെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
ആദ്യ ശ്രമത്തില്‍ത്തന്നെ 91.37 മീറ്റര്‍ ക്ലിയര്‍ ചെയ്ത ജര്‍മനിയുടെ ജൂലിയന്‍ വെബറിനാണ് സ്വര്‍ണം. രണ്ടാം ശ്രമത്തില്‍ വെബര്‍ 91.57 മീറ്ററായി തന്റെ ഏറ് മെച്ചപ്പെടുത്തി. സീസണിലെ ഏറ്റവും മികച്ച ദൂരമാണിത്.
2025 സീസണില്‍ ദോഹ, ബ്രസല്‍സ് പോരാട്ടങ്ങളിലും ജൂലിയന്‍ വെബറിനായിരുന്നു സ്വര്‍ണം. അതേസമയം, പാരീസ് ഡയമണ്ട് ലീഗില്‍ നീരജിനായിരുന്നു സ്വര്‍ണം. കരിയറിലെ ഏറ്റവും മികച്ച ദൂരം നീരജ് കണ്ടെത്തിയതും ഈ ഡയമണ്ട് ലീഗ് സീസണിലാണ്; ദോഹയില്‍ 90.23 മീറ്റര്‍.
സമ്മാനം 10 ലക്ഷം; ഇനി ടോക്കിയോ
സൂറിച്ച് ഡയമണ്ട് ഫൈനലില്‍ രണ്ടാം സ്ഥാനത്തു ഫിനിഷ് ചെയ്ത നീരജ് ചോപ്രയ്ക്ക് സമ്മാനത്തുകയായി 12,000 അമേരിക്കന്‍ ഡോളര്‍ (10.5 ലക്ഷം രൂപ) ലഭിക്കും. ഒന്നാം സ്ഥാനക്കാരന് 30,000 ഡോളറും (26 ലക്ഷം) മൂന്നാം സ്ഥാനക്കാരന് 7,000 ഡോളറുമാണ് (6.12 ലക്ഷം) സമ്മാനത്തുക.
അടുത്ത മാസം ടോക്കിയോയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പാണ് നീരജിന്റെ അടുത്ത മത്സരവേദി. 2023 ബുഡാപെറ്റ് ലോക ചാമ്പ്യന്‍ഷിപ്പില്‍ നേടിയ സ്വര്‍ണം നിലനിര്‍ത്തുകയാണ് നീരജിന്റെ ലക്ഷ്യം.
പോഡിയം മാന്‍
സൂറിച്ച് ഡയമണ്ട് ഫൈനലിലെ വെള്ളികൂടിയായതോടെ നീരജ് ചോപ്ര തുടര്‍ച്ചയായി പോഡിയം ഫിനിഷ് നടത്തുന്നത് ഇത് 26-ാം തവണ. 2021 ജൂണിനുശേഷം പങ്കെടുത്ത എല്ലാ മത്സരവേദികളിലും നീരജ് ആദ്യ രണ്ടു സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ടോക്കിയോ ഒളിമ്പിക്സ് സ്വര്‍ണം മുതലാണ് നീരജിന്റെ ടോപ് ടു ഫിനിഷിംഗ് തുടങ്ങിയത്. സ്ഥിരതയാര്‍ന്ന ഈ പോരാട്ടകാലത്തിനിടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും സ്വര്‍ണവും, ഹാങ്ഷു ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം, ഡയമണ്ട് ലീഗില്‍ ഒരു സ്വര്‍ണവും മൂന്നു വെള്ളിയും പാരീസ് ഒളിമ്പിക്സില്‍ വെള്ളി തുടങ്ങിയ നേട്ടങ്ങള്‍ സ്വന്തമാക്കി.
ഈ സ്ഥിരതയ്ക്കുള്ള അംഗീകാരമാണ് പുരുഷ ജാവലിന്‍ ത്രോ ലോക റാങ്കിംഗില്‍ നീരജ് ചോപ്രയുടെ ലോക ഒന്നാം സ്ഥാനം. ജര്‍മനിയുടെ ജൂലിയന്‍ വെബറിനും ഗ്രനാഡയുടെ ആന്ഡേഴ്സണ് പീറ്റേഴ്സിനുമൊന്നും നീരജിന്റെ ഒന്നാം സ്ഥാനം തട്ടിത്തെറിപ്പിക്കാന്‍ സാധിച്ചില്ലെന്നതും ശ്രദ്ധേയം.