യുഎസ് ഓപ്പണ്‍ : യാന്നിക് മിന്നിച്ചു
Thursday, August 28, 2025 3:53 AM IST
ന്യൂയോർക്ക്: ലോക ഒന്നാം നന്പർ പുരുഷ ടെന്നീസ് താരം യാന്നിക് സിന്നർ ചെക്ക് താരം വിറ്റ് കോപ്രിവയെ 6-1, 6-1, 6-2 സ്കോറിന് പരാജയപ്പെടുത്തി യുഎസ് ഓപ്പണ്‍ രണ്ടാം റൗണ്ടിൽ കടന്നു. സിൻസിനാറ്റി ഫൈനൽ മത്സരത്തില്‍ അസുഖം മൂലം താളം തെറ്റിയ സിന്നർ ഫിറ്റ്നസ് വീണ്ടെടുത്തു.
ആദ്യ സെറ്റിലെ ആദ്യ അഞ്ച് ഗെയിം പോയിന്റുകൾ സിന്നർ അതിവേഗം നേടി. ആദ്യ സെർവ് പോയിന്റുകളിൽ രണ്ടെണ്ണം മാത്രമാണ് സിന്നർ നഷ്ടപ്പെടുത്തിയത്. രണ്ടാം റൗണ്ടിൽ ഓസ്ട്രേലിയൻ താരം അലക്സി പോപിരിനെയോ ഫിൻ എമിൽ റുസുവോറി ആണ് എതിരാളി.
പത്താം സീഡ് ലോറെൻസോ മുസെറ്റി ആദ്യ റൗണ്ടിൽ ഫ്രഞ്ച് താരം ജിയോവന്നി എംപെറ്റ്ഷി പെറിക്കാർഡിനെ 6-7(3), 6-3, 6-4, 6-4 -സ്കോറിന് പരാജയപ്പെടുത്തി. ഒരു സെറ്റ് പിന്നിലായിരുന്ന ലോറെൻസോ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
ഗൗഫ്, ഒസാക്ക, അമാൻഡ മുന്നേറ്റം:
മുൻ വനിത ചാന്പ്യൻ കൊക്കോ ഗൗഫ് ആദ്യ റൗണ്ടിൽ ടോംലാനോവിച്ചിനെ 6-4, 6-7(2), 7-5 സ്കോറിന് പരാജയപ്പെടുത്തി യുഎസ് ഓപ്പണ്‍ വിജയത്തുടക്കം കുറിച്ചു.
മെന്റർ മാറ്റ് ഡാലിയെ മാറ്റി സർവീസ് പ്രശ്നങ്ങൾ പരിഹരിക്കാൻ ബയോമെക്കാനിക്സ് സ്പെഷലിസ്റ്റ് ഗാവിൻ മാക്മില്ലനെ നിയമിച്ചതിനുശേഷം ന്യൂയോർക്കിലെത്തിയ ഗൗഫ് ആർതർ ആഷെ സ്റ്റേഡിയത്തിൽ തകർച്ചയോടെയാണ് മത്സരത്തിന് തുടക്കം കുറിച്ചത്. 2023 ചാന്പ്യൻ ആദ്യ ഗെയിം നഷ്ടമാക്കി തുടങ്ങി പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ജയം നേടിയത്.
ഫ്ലഷിംഗ് മെഡോസിൽ നടന്ന രണ്ടാം റൗണ്ട് മത്സരത്തിൽ ബെൽജിയത്തിന്റെ ഗ്രീറ്റ് മിന്നനെ 6-3, 6-4 സ്കോറിന് പരാജയപ്പെടുത്തി നവോമി ഒസാക്ക മുന്നേറി.
അമാൻഡ അനിസിമോവ ആത്മവിശ്വാസത്തോടെ തുടക്കം കുറിച്ചു. ഓസ്ട്രേലിയയുടെ കിംബർലി ബിറെലിനെ ആദ്യ റൗണ്ടിൽ 6-3, 6-2 സ്കോറിന് പരാജയപ്പെടുത്തി.