ഇരട്ട സ്വര്‍ണം
Monday, August 25, 2025 1:01 AM IST
ചെന്നൈ: 64-ാമത് ദേശീയ അന്തര്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാനദിനമായ ഇന്നലെ കേരളത്തിന് ഇരട്ട സ്വര്‍ണം. രണ്ട് സ്വര്‍ണം ഒരു വെള്ളി എന്നിങ്ങനെ മൂന്നു മെഡലുമായി അവസാനദിനം കേരളം തിളങ്ങി.
പുരുഷ ലോംഗ്ജംപില് എം. ശ്രീശങ്കര്‍, വനിതകളുടെ ഹെപ്റ്റാത്തലണില്‍ കെ.എ. അനാമിക എന്നിവരാണ് കേരളത്തിന്റെ അക്കൗണ്ടില്‍ സ്വര്‍ണം എത്തിച്ചത്. ഏഴ് ഇന പോരാട്ടത്തില്‍ 5466 പോയിന്റുമായി അനാമിക സ്വര്‍ണം സ്വന്തമാക്കി.
വനിതാ വിഭാഗം 10,000 മീറ്റര്‍ ഓട്ടത്തില്‍ റീബ ജോര്‍ജിന്റെ വെള്ളിയോടെയാണ് ഇന്നലെ കേരളം മെഡല്‍ നേട്ടം തുടങ്ങിയത്. 36:00.63 സെക്കന്‍ഡില്‍ റീബ ജോര്‍ജ് ഫിനിഷിംഗ് ലൈന്‍ കടന്നു.
8.06 മീറ്റര്‍ ക്ലിയര്‍ ചെയ്താണ് ശ്രീശങ്കര്‍ സ്വര്‍ണത്തിലെത്തിയത്. മത്സരത്തില്‍ എട്ട് മീറ്റര്‍ ക്ലിയര്‍ ചെയ്ത ഏകതാരമാണ് ശ്രീ എന്നതും ശ്രദ്ധേയം. മൂന്നാം ശ്രമത്തിലാണ് ശ്രീശങ്കര്‍ 8.06 മീറ്റര്‍ ചാടിയത്.
കേരളം നാലാമത്
ചാമ്പ്യന്‍ഷിപ്പില്‍ 195 പോയിന്റുമായി ആതിഥേയരായ തമിഴ്നാട് ഓവറോള്‍ കിരീടം സ്വന്തമാക്കി. ഹരിയാനയാണ് (121) രണ്ടാമത്. 85 പോയിന്റുമായി കേരളം നാലാമതാണ്. ഉത്തര്‍പ്രദേശാണ് (100) മൂന്നാമത്. പുരുഷ (101), വനിതാ (90) വിഭാഗങ്ങളിലും തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്. വനിതാ വിഭാഗത്തില്‍ (47) കേരളം മൂന്നാമത് ഫിനിഷ് ചെയ്തു. പുരുഷ വിഭാഗത്തില്‍ (38) അഞ്ചാമതാണ്.