മൂന്നിൽ ഓസീസ് മിന്നിച്ചു
Monday, August 25, 2025 1:01 AM IST
മക്കെ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിന ക്രിക്കറ്റില്‍ ഓസ്ട്രേലിയയ്ക്ക് റിക്കാര്‍ഡ് ജയം. ആദ്യരണ്ടു മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക 2-1നു പരമ്പര സ്വന്തമാക്കി. 276 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഓസീസ് കുറിച്ചത്. റണ്‍സ് അടിസ്ഥാനത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ തോല്‍വിയാണ്. റണ്‍സ് അടിസ്ഥാനത്തില്‍ ഓസ്ട്രേലിയയുടെ ഏറ്റവും വലിയ രണ്ടാമത്തെ ജയമാണിതെന്നതും ശ്രദ്ധേയം.
സ്കോര്‍: ഓസ്ട്രേലിയ 50 ഓവറില്‍ 431/2. ദക്ഷിണാഫ്രിക്ക 24.5 ഓവറില്‍ 155.
ഓസീസ് ബാറ്റിംഗ് നിരയിലെ ആദ്യ മൂന്നു ബാറ്റര്‍മാരും (ട്രാവിസ് ഹെഡ് 142, മിച്ചല്‍ മാര്‍ഷ് 100, കാമറൂണ്‍ ഗ്രീന്‍ 118 നോട്ടൗട്ട്) സെഞ്ചുറി നേടി. ഓസ്ട്രേലിയയില്‍ ഒരു ഏകദിന മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് ഇന്നലെ കുറിക്കപ്പെട്ട 431/2. ഏകദിന ചരിത്രത്തില്‍ ഒരു ടീമിന്റെ ആദ്യ മൂന്നു ബാറ്റര്‍മാര്‍ സെഞ്ചുറി നേടുന്നത് ചരിത്രത്തില്‍ രണ്ടാമതാണ്. 47 പന്തിലാണ് കാമറൂണ്‍ ഗ്രീന്‍ സെഞ്ചുറി തികച്ചത്. ഓസീസ് താരത്തിന്റെ അതിവേഗ സെഞ്ചുറിയില്‍ ഗ്ലെന്‍ മാക്സ്വെല്ലിനു (40 പന്തില്‍) പിന്നില്‍ രണ്ടാമതും ഗ്രീന്‍ എത്തി.