യുഗാന്ത്യം...ഇന്ത്യയുടെ മൂന്നാം നന്പർ ബാറ്ററായിരുന്ന ചേതേശ്വര്‍ പൂജാര വിരമിച്ചു
Monday, August 25, 2025 1:01 AM IST
രാജ്കോട്ട്: വന്മതില് എന്നറിയപ്പെട്ട രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി, ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു പതിറ്റാണ്ടിലേറെ മൂന്നാം നമ്പര്‍ ബാറ്ററായ ചേതേശ്വര്‍ പൂജാര വിമരിച്ചു. ദ്രാവിഡിനുശേഷം ഇന്ത്യയുടെ രണ്ടാം മതിലായി ഇന്ത്യയുടെ വിശ്വസ്ത മൂന്നാം നമ്പറായ പൂജാര, ഇന്നലെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിക്കുന്നതായി അറിയിച്ചു.
37കാരനായ പൂജാര, 2010-23 കാലഘട്ടത്തില്‍ 103 ടെസ്റ്റില്‍നിന്ന് 19 സെഞ്ചുറിയും 35 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 7195 റണ്‍സ് നേടി. 2012 നവംബറില്‍ ഇംഗ്ലണ്ടിനെതിരേ അഹമ്മദാബാദില്‍ കുറിച്ച 206 നോട്ടൗട്ട് ആണ് ഉയര്‍ന്ന സ്കോര്‍. 2023 ജൂണില്‍ ഓവലില്‍ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ് അവസാന മത്സരം. ടെസ്റ്റ് സ്പെഷലിസ്റ്റായ പൂജാര, അഞ്ച് ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്.
അവസാന മതില്
ബാസ്ബോള്‍ ശൈലിയിലേക്കെത്തി നില്ക്കുന്ന, സിക്സറുകളുടെയും കടന്നാക്രമണത്തിന്റെയും ടെസ്റ്റ് ക്രിക്കറ്റ് കാലഘട്ടത്തിലേക്കുള്ള മാറ്റത്തിനിടയിലെ അവസാന മതിലായിരുന്നു ചേതേശ്വര്‍ പൂജാര. ഏതു ക്ലാസ് ബൗളര്‍മാരെയും മടുപ്പിക്കുന്ന പ്രതിരോധത്തിന്റെ അവസാന കണ്ണി. രാഹുല്‍ ദ്രാവിഡും വി.വി.എസ്. ലക്ഷ്മണും കടന്നു പോയപ്പോള്‍ ടെസ്റ്റില്‍ ഇന്ത്യയുടെ പ്രതിരോധക്കോട്ടയായിരുന്നു പൂജാര. പൂജാരയും പാഡ് അഴിച്ചതോടെ ഒരു കാലഘട്ടത്തിന്റെ, ടെസ്റ്റ് ക്രിക്കറ്റ് പ്രതിരോധത്തിന്റെ യുഗാന്ത്യം കൂടിയാണത്.
ഓപ്പണര്‍ പുറത്താകുന്നതോടെ ക്രീസിലെത്തി, ടീമിലെ നിര്‍ണായക സ്ഥാനമായ നാലില്‍ എത്തുന്നവര്‍ക്കായി കവചമൊരുക്കുന്ന ദൗത്യമാണ് മൂന്നാം നമ്പര്‍ ബാറ്ററിനുള്ളത്. സച്ചിന് തെണ്ടുല്‍ക്കറിനും വിരാട് കോഹ്ലിക്കും ഇങ്ങനെ കവചമൊരുക്കിയ ചരിത്രം പൂജാരയ്ക്കു സ്വന്തം.
ദ്രാവിഡിന്റെ സീറ്റില്‍
ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുകാലത്ത് ഇന്ത്യയുടെ വെരി വെരി സ്പെഷല്‍ ബാറ്ററായിരുന്ന വി.വി.എസ്. ലക്ഷ്മണിന്റെ അഭാവത്തിലാണ് പൂജാര ദേശീയ ടീമിലേക്കെത്തിയത്. ഓസ്ട്രേലിയയ്ക്കെതിരേ 2010 ഒക്ടോബറില്‍ ബംഗളൂരുവില്‍ നടന്ന ടെസ്റ്റില്‍, ലക്ഷ്മണിന്റെ സ്ഥാനമായിരുന്ന അഞ്ചാം നമ്പറില്‍ അരങ്ങേറി. മൂന്നു പന്തില്‍ നാലു റണ്‍സ് മാത്രമായിരുന്നു അരങ്ങേറ്റ ഇന്നിംഗ്സില്‍ നേടാനായത്. രണ്ടാം ഇന്നിംഗ്സില്‍ ദ്രാവിഡിനെ മൂന്നാം നമ്പറില്‍നിന്നു പിന്‍വലിച്ച് ക്യാപ്റ്റന്‍ എം.എസ്. ധോണി പൂജാരയെ ആ സ്ഥാനത്ത് ഇറക്കി. 89 പന്തില്‍ 72 റണ്‍സുമായി പൂജാര മൂന്നാം നമ്പറിലെ ആദ്യ ഇന്നിംഗ്സില്‍ തിളങ്ങി. എന്നാല്‍, പരിക്കും ശസ്ത്രക്രിയയുമായി 2011 നഷ്ടപ്പെട്ടു.
എന്നാല്‍, 2012 ജനുവരിയില്‍ ദ്രാവിഡും ലക്ഷ്മണും വിരമിച്ചു. ആ വര്‍ഷം ഓഗസ്റ്റില്‍ ന്യൂസിലന്‍ഡിന് എതിരായ ടെസ്റ്റില്‍ 159 റണ്‍സ് നേടി ഇന്ത്യയുടെ വിശ്വസ്ത മൂന്നാം നമ്പര്‍ ബാറ്ററായി മാറി.
2018-19ല്‍ ഓസ്ട്രേലിയയെ എവേ പോരാട്ടത്തില്‍ തോല്‍പ്പിച്ചപ്പോള്‍ മൂന്നു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയുമുള്‍പ്പെടെ നിര്‍ണായക പങ്കുവഹിച്ചതും ചരിത്രം. സൗരാഷ്ട്രയ്ക്കായി കഴിഞ്ഞ സീസണ് രഞ്ജി ട്രോഫിയിലും കളിച്ചാണ് പൂജാര പാഡ് അഴിക്കുന്നതെന്നതും ശ്രദ്ധേയം.