കുന്നോളം റണ്‍; കട്ടയ്ക്ക് ജയം
Thursday, August 28, 2025 3:54 AM IST
തോമസ് വർഗീസ്
കാര്യവട്ടം: രോഹൻ കുന്നുമ്മൽ കൊച്ചിയുടെ ബൗളർമാർക്കുമേൽ സംഹാര താണ്ഡവമാടിയ മത്സരത്തിൽ കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സിന് 33 റണ്‍സ് ജയം.
എം. അജിനാസും അഖിൽ സ്കറിയയും റണ്‍ വേട്ടയ്ക്ക് രോഹൻ കുന്നുമ്മലിന് ‘കട്ട’ സപ്പോർട്ട് നൽകിയപ്പോൾ കൊച്ചി ബ്ലൂ ടൈഗേഴ്സിനെ കാത്തിരുന്നത് തുടർച്ചയായ രണ്ടാം തോൽവി. ആദ്യം ബാറ്റ് ചെയ്ത കാലിക്കട്ട് ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെ മിന്നും അർധ സെഞ്ചുറിയുടെ ബലത്തിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 249 റണ്‍സെന്ന സീസണിലെ ഏറ്റവും വലിയ ടോട്ടൽ പടുത്തുയർത്തി.
250 റണ്‍സ് ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കൊച്ചിയുടെ ഇന്നിംഗ്സ് 19 ഓവറിൽ 216 റണ്‍സിന് അവസാനിച്ചു. കാലിക്കട്ടിന് 33 റണ്‍സ് ജയം. രോഹൻ കുന്നുമ്മലാണ് കളിയിലെ താരം. സ്കോർ: കാലിക്കട്ട് ഗ്ലോബ്സ്റ്റാഴ്സ്: 20 ഓവറിൽ നാലിന് 249. കൊച്ചി ബ്ലൂ ടൈഗേഴ്സ്: 19 ഓവറിൽ 216.
തീരുമാനം തെറ്റി
ടോസ് നേടിയ കൊച്ചി കാലിക്കട്ടിനെ ബാറ്റിംഗിന് അയച്ച തീരുമാനം തെറ്റാണെന്നു തെളിയിക്കുന്ന പ്രകടനമാണ് കോഴിക്കോടിന്റെ ഓപ്പണർമാർ കാഴ്ച്ച വച്ചത്. ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും സച്ചിൻ സുരേഷും ചേർന്ന് 102 റണ്‍സാണ് ഒന്‍പത് ഓവറിൽ അടിച്ചെടുത്തത്. 8.3-ാം ഓവറിൽ സച്ചിൻ സുരേഷിന്റെ (19 പന്തിൽ 28) വിക്കറ്റ് കെ. അജീഷ് വീഴ്ത്തി. തുടർന്നെത്തിയ എം. അജിനാസുമായി രോഹൻ സ്കോർ ബോർഡ് മുന്നോട്ടു നീക്കി.
19 പന്തിൽ അർധ സെഞ്ചുറി നേട്ടവുമായി രോഹൻ കുന്നുമ്മൽ കെസിഎൽ രണ്ടാം പതിപ്പിലെ വേഗമേറിയ അർധസെഞ്ചുറിക്ക് ഉടമയായി. അഞ്ചാം ഓവറിലെ അവസാന പന്ത് ഡീപ് സ്ക്വയർ ലെഗിലൂടെ സിക്സർ പായിച്ചാണ് രോഹൻ അർധസെഞ്ചുറി കുറിച്ചത്. 12-ാം ഓവറിലെ അവസാന പന്തിൽ അഫ്രാദ് നാസർ എം. അജിനാസിന്റെ കൈകളിലെത്തിച്ചു.
43 പന്തിൽ നിന്നും എട്ട് സിക്സറും ആറു ഫോറും ഉൾപ്പെടെ 94 റണ്‍സ് രോഹൻ നേടി. തുടർന്നു ക്രീസിലെത്തിയ അഖിൽ സ്കറിയയുമായി ചേർന്ന് എം. അജിനാസ് കൊച്ചിയുടെ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു. ഇരുവരും ചേർന്നു സ്കോർ 226 ലെത്തിച്ചു. 33 പന്തിൽ 49 റണ്‍സ് നേടിയ അജിനാസിനെ മുഹമ്മദ് ആഷിക്, കെ. അജീഷിന്റെ കൈകളിലെത്തിച്ചു. തുടർന്നെത്തിയ സൽമാൻ നിസാർ (5 പന്തിൽ 13) വേഗത്തിൽ പുറത്തായി. 19 പന്തിൽ 45 റണ്‍സ് അടിച്ചുകൂട്ടിയ അഖിൽ സ്കറിയയാണ് കാലിക്കട്ടിന്റെ സ്കോർ 249 ലെത്തിച്ചത്.
വന്പൻ ലക്ഷ്യത്തില്‍ വീണു
250 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊച്ചിക്കുവേണ്ടി വിനൂപ് മനോഹരൻ, മുഹമ്മദ് ഷാനു സഖ്യമാണ് ഓപ്പണ്‍ ചെയ്തത്. 3.1 ഓവറിൽ സ്കോർ 42ൽ നിൽക്കെ വിനൂപ് മഹോരൻ (17 പന്തിൽ 36 റണ്‍സ്) റണ്ണൗട്ടായി. വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ച മുഹമ്മദ് ഷാനു ടീം സ്കോർ ഉയർത്തി. എട്ട് ഓവർ പൂർത്തിയായപ്പോൾ കൊച്ചി ഒരു വിക്കറ്റ് നഷ്ടത്തിൽ 100 റണ്‍സ് എന്ന നിലയിൽ.
അഖിൽ സ്കറിയ എറിഞ്ഞ 10-ാം ഓവറിലെ രണ്ടാം പന്തിൽ മുഹമ്മദ് ഷാനുവിനെ (22 പങ്കിൽ 53) മോനു കൃഷ്ണ പിടിച്ചുപുറത്താക്കി. ആറു വീതം സിക്സും ഫോറും ഉൾപ്പെടുന്നതായിരുന്നു മുഹമ്മദ് ഷാനുവിന്റെ ഇന്നിംഗ്സ്. നിഖിൽ തോട്ടത്ത് (2), കെ. അജീഷ് (5), സാലി സാംസണ് (9) എന്നിവർ വേഗത്തിൽ പുറത്തായതോടെ 14 ഓവറിൽ 144ന് അഞ്ച് എന്ന നിലയിലായി പരുങ്ങി. കെ.ജി. രാകേഷ് - ആൽഫി ഫ്രാൻസിസ് കൂട്ടുകെട്ട് സ്കോർ 168ൽ എത്തിച്ചപ്പോൾ അഖിൽ സ്കറിയയുടെ പന്തിൽ കൃഷ്ണ ദേവൻ പിടിച്ച് ആൽഫി ഫ്രാൻസിസ് (18) പുറത്തായി.
16.4-ാം ഓവറിൽ കെ.ജെ. രാകേഷിനെ (29 പന്തിൽ 38 റണ്‍സ്) മനു കൃഷ്ണയുടെ പന്തിൽ കൃഷ്ണ ദേവൻ പിടിച്ച് പുറത്താക്കി. ഇതേ ഓവറിലെ അവസാന പന്തിൽ എം.യു. ഹരികൃഷ്ണൻ പിടിച്ച് പി.എസ്. ജറിനെ (0) പുറത്താക്കി. വാലറ്റത്ത് മുഹമ്മദ് ആഷിക്ക് (11 പന്തിൽ 38) വെടിക്കെട്ട് ബാറ്റിംഗ് നടത്തിയെങ്കിലും 18.5-ാം ഓവറിൽ അഖിൽ സ്കറിയ ആഷിക്കിനെ ബൗൾഡാക്കി. തൊട്ടടുത്ത പന്തിൽ അഫ്രാദ് നാസറിനെയും (0) അഖിൽ പുറത്താക്കിയതോടെ കാലിക്കട്ടിന് 33 റണ്‍സിന്റെ ആധികാരിക ജയം. നാല് ഓവറിൽ 37 റണ്‍സ് വിട്ടുകൊടുത്ത് അഖിൽ സ്കറിയ നാല് വിക്കറ്റും നേടി.
ജയത്തോടെ കാലിക്കട്ട് അഞ്ച് മത്സരത്തിൽനിന്ന് ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
പനി, സഞ്ജു ഇറങ്ങിയില്ല
കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ട്വന്റി-20 പോരാട്ടത്തിൽ കാലിക്കട്ട് ഗ്ലോബ് സ്റ്റാഴ്സിന് എതിരായ മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ സൂപ്പർ താരം സഞ്ജു സാംസണ് ഇറങ്ങിയില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ സെഞ്ചുറിയും അർധ സെഞ്ചുറിയും നേടിയ സഞ്ജുവിന്റെ അഭാവം കൊച്ചിക്ക് ക്ഷീണമായി.
മത്സരത്തിൽ കൊച്ചി 33 റണ്‍സിന് പരാജയപ്പെട്ടു. പനിയെത്തുടർന്നാണ് സഞ്ജു ഇന്നലെ കളിക്കാത്തത് എന്നാണ് ടീം വൃത്തങ്ങൾ അറിയിച്ചത്.