അല്‍കരാസിന്റെ ബസ് കട്ട്..!
Wednesday, August 27, 2025 2:59 AM IST
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിന്റെ മുന്നാംദിനമായ ഇന്നലെ തരംഗമായത് പുരുഷ സിംഗിള്സസില് ലോക രണ്ടാം നമ്പര്‍ താരമായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസിന്റെ ഹെയര്‍ കട്ട്.
പൂര്‍ണമായി കുറ്റിത്തലമുടിയാക്കിയുള്ള ബസ് കട്ടിലായിരുന്നു അല്‍കരാസ് ആദ്യ റൗണ്ടില്‍ അമേരിക്കയുടെ റെയ് ലി ഒപെല്ക്കയ്ക്കെതിരേ ഇറങ്ങിയത്. മത്സരത്തില്‍ ആധികാരികമായി ജയിച്ചാണ് അല്‍കരാസ് കോര്‍ട്ട് വിട്ടതെന്നതും ശ്രദ്ധേയം. സ്കോര്‍: 6-4, 7-5, 6-4.
റഷ്യയുടെ ആന്ദ്രെ റുബ്ലെവ്, കാരെന് ഖാചനോവ്, ഡെന്മാര്ക്കിന്റെ ഹോള്‍ഗര്‍ റൂണ്, ബ്രിട്ടന്റെ കാമറൂണ്‍ നോറി, നോര്‍വെയുടെ കാസ്പര്‍ റൂഡ് തുടങ്ങിയവരും പുരുഷ സിംഗിള്‍സില്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
കീസ്, സ്വിറ്റോളിന, വീനസ് പുറത്ത്
വനിതാ സിംഗിള്‍സില്‍ ആറാം സീഡായ അമേരിക്കയുടെ മാഡിസണ്‍ കീസ്, 12-ാം സീഡ് യുക്രെയ്നിന്റെ എലീന സ്വിറ്റോലിന, വൈല്‍ഡ് കാര്‍ഡിലൂടെ എത്തിയ വെറ്ററന്‍ താരം വീനസ് വില്യംസ് തുടങ്ങിയവര്‍ ആദ്യ റൗണ്ടില്‍ പുറത്ത്. 11-ാം സീഡായ ചെക് താരം കരോളിന മുചോവയോട് 6-3, 2-6, 6-1നാണ് 45കാരിയായ വീനസ് ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടത്.
കാനഡയുടെ ലെയ്ല ഫെര്‍ണാണ്ടസ്, ബെല്‍ജിയത്തിന്റെ എലിസ് മെര്‍ട്ടന്‍സ്, റഷ്യയുടെ മിറ ആന്‍ഡ്രീവ തുടങ്ങിയവരും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
ചേട്ടന്റെ ഒരു കൈയബദ്ധം!
ഏവരെയും ഞെട്ടിച്ചാണ് ബസ് കട്ടുമായി കാര്‍ലോസ് അല്‍കരാസ് കോര്‍ട്ടില്‍ എത്തിയത്. അമേരിക്കയുടെ ഇതിഹാസ താരമായ ആന്ദ്രെ അഗാസി തന്റെ കഷണ്ടി മറയ്ക്കാനായി ബ്ലേഡ് കട്ട് നടത്തിയ ചരിത്രം ടെന്നീസിനു സ്വന്തം.
1990 ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കഷണ്ടി മറയ്ക്കാനായി നീളന്‍ മുടി വച്ചുകെട്ടി ഇറങ്ങിയ അഗാസി ടെന്നീസ് ആരാധകരുടെ മനസിലുണ്ട്. വിഗ് താഴെ പോകരുതേ എന്ന് അന്നു പ്രാര്‍ഥിച്ചതായി അഗാസി പിന്നീട് വെളിപ്പെടുത്തിയെന്നതും വാസ്തവം. 1995 ഓസ്ട്രേലിയന്‍ ഓപ്പണിനു മുമ്പായാണ് ബ്ലേഡ് കട്ടുമായി അഗാസി കോര്‍ട്ടിലെത്തിയത്. 1995 ഓസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കുകയും ചെയ്തു.
എന്നാല്‍, കാര്‍ലോസ് അല്‍കരാസിന്റെ ബസ് കട്ടിന്റെ കഥ മറ്റൊന്നാണ്. യുഎസ് ഓപ്പണിനു മുമ്പ് പുതിയൊരു ഹെയര്‍ സ്റ്റൈല്‍ പരീക്ഷിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും എന്നാല്‍, ചേട്ടന്റെ കൈയബദ്ധം ഈ സ്റ്റൈലില്‍ കലാശിക്കുകയായിരുന്നു എന്നും അല്‍കരാസ് ചിരിയോടെ വെളിപ്പെടുത്തി.