സബലെങ്ക, ജോക്കോ മുന്നോട്ട്
Tuesday, August 26, 2025 2:32 AM IST
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് പോരാട്ടത്തിന് അട്ടിമറിയോടെ തുടക്കം. 13-ാം സീഡായ റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ ഫ്രാഞ്ച് താരം ബെഞ്ചമിന്‍ ബോന്‍സി അട്ടിമറിച്ചു.
സ്കോര്‍: 6-3, 7-5, 6-7 (5-7), 0-6, 6-4. അതേസമയം, വനിതാ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ ബെലാറൂസിന്റെ അരീന സബലെങ്ക, പുരുഷ സിംഗിള്‍സില്‍ സെര്‍ബിയയുടെ ഇതിഹാസം നൊവാക് ജോക്കോവിച്ച് തുടങ്ങിയവര്‍ രണ്ടാം റൗണ്ടിലേക്കു മുന്നേറി.
അമേരിക്കയുടെ ലേണര്‍ ടിയാനെ കീഴടക്കിയാണ് ജോക്കോവിച്ച് രണ്ടാം റൗണ്ടിലെത്തിയത്. സ്കോര്‍: 6-1, 7-6 (7-3), 6-2. അമേരിക്കയുടെ ടെയ്ലര് ഫ്രിറ്റ്സ്, ബെന്‍ ഷെല്‍ട്ടണ്‍, ചെക്കിന്റെ ജാക്കുബ് മെന്‍ഷിക് തുടങ്ങിയവരും പുരുഷ സിംഗിള്‍സില്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
വനിതാ സിംഗിൾസില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ റെബേക്ക മാസറോവയെയാണ് അരീന സബലെങ്ക ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത്; 7-5, 6-1. ഏഴാം സീഡ് ഇറ്റലിയുടെ ജാസ്മിന് പൗളിനി, നാലാം സീഡ് അമേരിക്കയുടെ ജെസീക്ക പെഗുല, ലാത്വിയയുടെ ജെലീന ഒസ്റ്റാപെങ്കോ തുടങ്ങിയവരും രണ്ടാം റൗണ്ടിലെത്തി.