ഐഎസ്എല്‍ തിരിച്ചെത്തുന്നു
Wednesday, August 27, 2025 2:59 AM IST
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്നു.
സുപ്രീംകോടതിയുടെ ശാസനത്തെത്തുടര്ന്ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും (എഐഎഫ്എഫ്) ഐഎസ്എല്‍ നടത്തിപ്പുകാരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎല്‍) കഴിഞ്ഞദിവസനം നടത്തിയ അടിയന്തര ചര്‍ച്ചയിലാണ് തീരുമാനം.
എഐഎഫ്എഫും എഫ്എസ്ഡിഎല്ലും തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് തര്‍ക്കമാണ് 2025-26 ഐഎസ്എല്‍ ഇതുവരെ അനിശ്ചിതത്വത്തിലാക്കിയത്.
ഈ മാസം 28നു മുമ്പ് മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റില്‍ ധാരണയില്‍ എത്തണമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ക്ലബ്ബുകളുടെ പരാതിയെത്തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എഐഎഫ്എഫും എഫ്എസ്ഡിഎല്ലും യോഗം ചേര്‍ന്നത്.
ഒക്ടോബര്‍-നവംബര്‍
ഐഎസ്എല്‍ 2025-26 സീസണ് പോരാട്ടം ഒക്ടോബര്‍ 24ന് ആരംഭിക്കാമെന്നാണ് എഐഎഫ്എഫും എഫ്എസ്ഡിഎല്ലും തമ്മില്‍ നടന്ന യോഗത്തിലെ തീരുമാനം.
എന്നാല്‍, പല ക്ലബ്ബുകളും നിര്ജീവാവസ്ഥയിലായതിനാല് നവംബര്‍ ആദ്യ വാരമെങ്കിലും ഐഎസ്എല്‍ സീസണ് ആരംഭിക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഇക്കാര്യങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ല.