വിരമിക്കൽ പ്രഖ്യാപിച്ച് അശ്വിൻ
Thursday, August 28, 2025 3:53 AM IST
ചെന്നൈ: ഐപിഎൽ ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് രവിചന്ദ്രൻ അശ്വിൻ. ഐപിഎലിൽ നിലവിൽ ചെന്നൈ സൂപ്പർ കിംഗ്സ് താരമാണ് അശ്വിൻ.
ഒൗദ്യോഗിക എക്സ് അക്കൗണ്ടിൽ കൂടിയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. അശ്വിനെ കൈമാറ്റം നടത്താൻ ചെന്നൈ ശ്രമിക്കുന്നെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിരമിക്കൽ.
“ഇന്ന് വിശേഷ ദിവസമാണ്, അതുകൊണ്ടുതന്നെ വിശേഷമായ ഒരു തുടക്കവും. എല്ലാ അവസാനങ്ങൾക്കും ഒരു പുതിയ തുടക്കമുണ്ടാകുമെന്നാണ് പറയുന്നത്. ഐപിഎലിൽ എന്റെ സമയം ഇന്ന് അവസാനിക്കുന്നു.
പക്ഷേ വിവിധ ലീഗുകളിൽ കളിക്കാനുള്ള എന്റെ സമയം ഇന്ന് ആരംഭിക്കുകയാണ്. വർഷങ്ങളായി എനിക്ക് നൽകിയ അദ്ഭുതകരമായ ഓർമകൾക്കും ബന്ധങ്ങൾക്കും എല്ലാ ഫ്രാഞ്ചൈസികൾക്കും നന്ദി. പ്രത്യേകിച്ച് ഐപിഎൽ സംഘാടകർക്കും ബിസിസിഐക്കും. ഇതുവവരെ നൽകിയതിനെല്ലാം നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മുന്നോട്ടുള്ള ജീവിതം ആസ്വദിക്കാനും പരമാവധി പ്രയോജനപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു.’’ അശ്വിൻ എക്സിൽ കുറിച്ചു.
കഴിഞ്ഞ വർഷം ഡിസംബറിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച 38 കാരനായ അശ്വിനെ 2025 സീസണിന് മുന്നോടിയായി നടന്ന മെഗാ ലേലത്തിൽ 9.75 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിംഗ്സ് വാങ്ങിയത്. 2009 മുതൽ 2015 വരെ സിഎസ്കെയിൽ കളിച്ച താരത്തിന്, ടീമിലേക്കുള്ള തിരിച്ചുവരവായിരുന്നു അത്.
ഐപിഎലിൽ 221 മത്സരങ്ങളിൽനിന്ന് 187 വിക്കറ്റ് വീഴ്ത്തിയ താരം, ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ അഞ്ചാം സ്ഥാനത്താണ്. 833 റണ്സും നേടി. ചെന്നൈക്കു പുറമേ റൈസിങ് പൂണ സൂപ്പർ ജയന്റ്, ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് എന്നീ ഫ്രാഞ്ചൈസികളിലും കളിച്ച അശ്വിൻ, കിംഗ്സ് ഇലവൻ പഞ്ചാബിനെ നയിക്കുകയും ചെയ്തു.