ഇരട്ടി തീരുവ പ്രാബല്യത്തിൽ
Thursday, August 28, 2025 3:05 AM IST
ന്യൂയോർക്ക്: ഇന്ത്യക്കുമേൽ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക ഇറക്കുമതി തീരുവ ഇന്നലെ പ്രാബല്യത്തിലായി. ഇതോടെ ഇന്ത്യക്കുമേലുള്ള തീരുവ 50 ശതമാനമായി. അമേരിക്ക ഏറ്റവും കൂടുതൽ തീരുവ ചുമത്തിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ബ്രസീലിനും 50 ശതമാനമാണ് തീരുവ.
നേരത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്ക് 25 ശതമാനം തീരുവ ചുമത്തിയിരുന്നു. ഇത് കഴിഞ്ഞ ഏഴിന് പ്രാബല്യത്തിൽ വന്നു. അന്നുതന്നെ ഇന്ത്യക്കുമേൽ 25 ശതമാനം തീരുവകൂടി ട്രംപ് ചുമത്തി.
ഇന്ത്യ റഷ്യൻ ഇന്ധനം വാങ്ങുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. കൂടിയ തീരുവ പ്രാബല്യത്തിലാകാൻ 21 ദിവസത്തെ സമയം അനുവദിച്ചിരുന്നു. കൂടുതൽ ചർച്ചയ്ക്കായാണു 21 ദിവസം അനുവദിച്ചത്. എന്നാൽ, ഇരുരാജ്യങ്ങളും നിലപാടിൽ ഉറച്ചുനിന്നു. കർഷകരുടെയും ചെറുകിട വ്യവസായികളുടെയും താത്പര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു.
അമേരിക്കയുടെ തീരുവ നീതികരണമില്ലാത്തതും യുക്തിരഹിതവുമാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇതിനിടെ, തീരുവ വിഷയം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ ഇന്നലെ അറിയിച്ചു. ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയുടെ കാര്യത്തിൽ പരിഭ്രാന്തി വേണ്ടെന്നാണു സർക്കാർവൃത്തങ്ങളുടെ നിലപാട്.
റഷ്യയുമായി വന്പൻ വ്യാപാര കരാറിന് അമേരിക്ക
റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്ക് ഇരട്ടി തീരുവ ചുമത്തിയ അമേരിക്ക റഷ്യയുമായി വന്പൻ വ്യാപാര കരാറിനു തയാറെടുക്കുന്നതായി റിപ്പോർട്ട്. യുഎസിന്റെ മധ്യസ്ഥതയിൽ അലാസ്കയിലെ യുക്രെയ്ൻ-റഷ്യ സമാധാന ചർച്ചകൾക്കിടെയാണു യുഎസ്- റഷ്യ വ്യാപാര ചർച്ചയും നടന്നത്.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് 2022ൽ റഷ്യയിൽ പ്രവർത്തനം അവസാനിപ്പിച്ചു മടങ്ങിയ പ്രമുഖ അമേരിക്കൻ പ്രകൃതിവാതക കന്പനി എക്സോണ്‍ മൊബീൽ റഷ്യയിലേക്ക് തിരിച്ചെത്തുമെന്നാണു റിപ്പോർട്ട്.
റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധംമൂലം 2022 മുതൽ റഷ്യയുടെ ഊർജമേഖലയിൽ വിദേശനിക്ഷേപം ഉണ്ടായിട്ടില്ല. റഷ്യയുടെ സഖാലിൻ-1 ഓയിൽ ആൻഡ് ഗ്യാസ് പദ്ധതിയിൽ എക്സോണ്‍ മൊബീൽ പങ്കാളിയാകുന്നതു സംബന്ധിച്ചാണ് ചർച്ച നടന്നത്.
ആർട്ടിക് എൽഎൻജി-2 പദ്ധതിയിലേക്കായി റഷ്യ അമേരിക്കൻ ഉപകരണങ്ങളും വാങ്ങും. റഷ്യയിൽനിന്ന് അമേരിക്ക ആണവോർജം ഇന്ധനമായുള്ള ഐസ് ബ്രേക്കർ കപ്പലുകളും വാങ്ങുമെന്നാണു റിപ്പോർട്ട്. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.