സുപ്രീംകോടതി ജഡ്ജി നിയമനം; കൊളീജിയത്തിൽ വിയോജിപ്പ്
Wednesday, August 27, 2025 1:27 AM IST
ന്യൂഡൽഹി: പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിപുൽ മനുഭായ് പഞ്ചോളിയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശിപാർശയിൽ വിയോജിപ്പ് രേഖപ്പെടുത്തി അഞ്ചംഗ കൊളീജിയത്തിലെ ജസ്റ്റീസ് ബി.വി. നാഗരത്ന.
ഹൈക്കോടതി ജഡ്ജിമാരുടെ സീനിയോറിറ്റി പരിശോധിക്കുന്പോൾ ജസ്റ്റീസ് പഞ്ചോളിക്ക് 57ാം റാങ്കും സുപ്രീംകോടതിയിലെ പ്രാദേശിക പ്രാതിനിധ്യത്തിലെ കുറവും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് നാഗരത്ന വിയോജിപ്പ് രേഖപ്പെടുത്തിയത്. ജസ്റ്റീസ് പഞ്ചോളിക്കൊപ്പം ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് അലോക് ആരാധെയെയും സുപ്രീംകോടതി ജഡ്ജിയായി ശിപാർശ ചെയ്തിരുന്നു.
ചീഫ് ജസ്റ്റീസ് ബി.ആർ.ഗവായിയുടെ നേതൃത്വത്തിൽ കൊളീജിയത്തിലെ മറ്റ് അംഗങ്ങളായ ജസ്റ്റീസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, ജെ.കെ. മഹേശ്വരി എന്നിവർ പേരുകൾ അംഗീകരിച്ചതോടെ ശിപാർശ കേന്ദ്രസർക്കാരിനു കൈമാറി.
ഗുജറാത്ത് ഹൈക്കോടതിയിൽനിന്ന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, എൻ.വി.അഞ്ജരിയ എന്നീ ജഡ്ജിമാർ സുപ്രീംകോടതിയിൽ ഇപ്പോഴുണ്ട്. ജസ്റ്റീസ് പഞ്ചോളിയുടെ മാതൃ ഹൈക്കോടതി ഗുജറാത്ത് ഹൈക്കോടതിയാണ്.
ഈ സാഹചര്യത്തിൽ മൂന്നാമതൊരു ജഡ്ജിയെക്കൂടി ഇതേ ഹൈക്കോടതിയിൽനിന്നു സുപ്രീംകോടതിയുടെ ഭാഗമാക്കുന്നത് കോടതിയിലെ പ്രാദേശിക പ്രാതിനിധ്യത്തിന്റെ സന്തുലിതാവസ്ഥയെ തടസപ്പെടുത്തുമെന്നാണ് ജസ്റ്റീസ് നാഗരത്ന വിയോജനക്കുറിപ്പിൽ വ്യക്തമാക്കിയത്. ജസ്റ്റീസ് പഞ്ചോളിയെ ഗുജറാത്തിൽനിന്നു പാറ്റ്ന ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റിയാണ് സ്ഥാനക്കയറ്റത്തിനു ശിപാർശ ചെയ്തത്. ഈ നടപടിയെയും നാഗരത്ന ചോദ്യം ചെയ്തു.
ഇത്തരം നീക്കങ്ങൾ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും കൊളീജിയത്തിന്റെ വിശ്വാസ്യതയിൽ സംശയം ഉയർത്തുമെന്നും വിയോജനക്കുറിപ്പിൽ വ്യക്തമാക്കി. ജസ്റ്റീസ് പഞ്ചോളിയെ സുപ്രീംകോടതിയിലേക്കു സ്ഥാനക്കയറ്റം ചെയ്യുന്ന ശിപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചാൽ 2031 ഒക്ടോബർ മുതൽ 2033 മേയ് വരെ രാജ്യത്തിന്റെ ചീഫ് ജസ്റ്റീസാകാൻ അദ്ദേഹത്തിനു യോഗ്യതയുണ്ടാകും.