‘വൻതാര’ മറയോ? അന്വേഷണസംഘത്തെ നിയോഗിച്ച് സുപ്രീംകോടതി
Wednesday, August 27, 2025 2:22 AM IST
ന്യൂഡൽഹി: റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി നേതൃത്വം നൽകുന്ന മൃഗസംരക്ഷണ പുനരധിവാസ കേന്ദ്രമായ ‘വൻതാര’യ്ക്കെതിരേ ഉയർന്ന ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ച് സുപ്രീംകോടതി.
ആരോപണങ്ങളിൽ സ്വതന്ത്രവും വസ്തുതാപരവുമായ അന്വേഷണം നടത്തുന്നതിനാണ് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് ജെ. ചെലമേശ്വറിന്റെ അധ്യക്ഷതയിലുള്ള നാലംഗ സംഘത്തെ ജസ്റ്റീസുമാരായ പങ്കജ് മിത്തൽ പി.ബി. വരാലെ എന്നിവരുടെ ബെഞ്ച് നിയമിച്ചത്.
ഉത്തരാഖണ്ഡ്, തെലുങ്കാന ഹൈക്കോടതികളുടെ മുൻ ചീഫ് ജസ്റ്റീസ് രാഘവേന്ദ്ര ചൗഹാൻ, മുൻ മുംബൈ പോലീസ് കമ്മീഷണർ ഹേമന്ത് നഗ്രാലെ, കസ്റ്റംസ് അഡീഷണൽ കമ്മീഷണർ അനീഷ് ഗുപ്ത എന്നിവരാണ് അന്വേഷണസംഘത്തിലെ മറ്റ് അംഗങ്ങൾ.
അന്വേഷണസംഘം സെപ്റ്റംബർ 12നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ 15ന് കോടതി വീണ്ടും കേസ് പരിഗണിക്കും.
കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗുജറാത്തിലെ ജാംനഗറിലുള്ള ‘വൻതാര’ഉദ്ഘാടനം ചെയ്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പരിക്കേറ്റതോ ശാരീരിക വൈകല്യങ്ങളുള്ളതോ ആയ വന്യജീവികളെ പുനരധിവസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അനന്ത് അംബാനി പദ്ധതി ആരംഭിച്ചത്. എന്നാൽ ‘വൻതാര’യ്ക്കെതിരേ പിന്നീട് വ്യാപകമായ ആരോപണങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
വിദേശരാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള വന്യമൃഗങ്ങളെ നിയമവിരുദ്ധമായി കൈവശം വച്ചു, സാന്പത്തിക ക്രമക്കേട്, മൃഗങ്ങളോട് ക്രൂരമായി പെരുമാറൽ, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി നിരവധി നിയമവിരുദ്ധ നടപടികൾ ‘വൻതാര’ മറയാക്കി നടത്തുന്നുണ്ടെന്നായിരുന്നു പ്രധാന ആരോപണം.
ഹർജിക്കാർ ഉന്നയിച്ച ആരോപങ്ങൾക്കു കൃത്യമായ അടിസ്ഥാനമില്ലെന്നും മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും വിഷയം പരിഗണിക്കവെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ആരോപങ്ങളുടെ വസ്തുത എന്താണെന്ന് അറിയണമെന്നും അതിനാൽ എസ്ഐടി അന്വേഷണം നടത്തട്ടേയെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സ്വാഗതം ചെയ്ത് ‘വൻതാര’
അതേസമയം, സുപ്രീംകോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നതായി ‘വൻതാര’ മാനേജ്മെന്റ് പ്രസ്താവനയിൽ അറിയിച്ചു. സുതാര്യവും നിയമാനുസൃതവുമായ നടപടിക്രമങ്ങൾക്കു ‘വൻതാര’പ്രതിജ്ഞാബദ്ധമാണ്.
സ്ഥാപനത്തിന്റെ ദൗത്യവും ശ്രദ്ധയും മൃഗങ്ങളുടെ സംരക്ഷണം, പുനരധിവാസം, പരിപാലനം എന്നിവയിലാണ്. പ്രത്യേക അന്വേഷണസംഘത്തോട് പൂർണമായി സഹകരിക്കുകയും പ്രവർത്തനം ആത്മാർത്ഥമായി തുടരുകയും ചെയ്യും. എല്ലാ ശ്രമങ്ങളും മൃഗങ്ങളുടെ ക്ഷേമത്തിൽ അധിഷ്ഠിതമായുള്ളതുമായിരിക്കും. -പ്രസ്താവനയിൽ ‘വൻതാര’ അറിയിച്ചു.