ഗോസംരക്ഷകർ കർഷകരെ ഉപദ്രവിക്കുന്നെന്ന് ബിജെപി എംഎൽസി
Wednesday, August 27, 2025 1:27 AM IST
മുംബൈ: ഗോസംരക്ഷകർ കർഷകരെ ഉപദ്രവിക്കുന്നുവെന്ന് മഹാരാഷ്ട്രയിലെ ബിജെപി എംഎൽസി സദാഭാവു ഖോട്. വിഷയത്തിൽ നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് ഖോട് അറിയിച്ചു. തിങ്കളാഴ്ച തന്നെഗോസംരക്ഷകർ വളഞ്ഞുവെന്നും ഗോസംരക്ഷകർ പിടിച്ചുപറിക്കാരാണെന്നും ഖോട് ആരോപിച്ചു.
“ഗോ സംരക്ഷണത്തിന്റെ പേരിൽ വലിയ ലോബി മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്നു. അവർക്ക് കോർപറേറ്റ് ഓഫീസുകൾപോലുമുണ്ട്. അവരിൽനിന്നു കർഷകർ വലിയ ഉപദ്രവം നേരിടുന്നു. കർഷകരുടെ വാഹനങ്ങൾ തടഞ്ഞ് അവരെ ഗോസംരക്ഷകർ മർദിക്കുന്നതു പതിവാണ്.
രണ്ടു മാസം മുന്പ് കർഷകരുടെ പോത്തുകളെ ഗോസംരക്ഷകർ ബലമായി കടത്തിക്കൊണ്ടുപോയി. ഫർസുംഗിയിലെ ഗോശാലയിൽനിന്ന് അവയെ കാണാതായി. പോത്തുകൾ തീറ്റ തേടി കുന്നിൻപ്രദേശത്തേക്കു പോയെന്നാണ് ഗോസംരക്ഷകരുടെ മറുപടി. വവിഷയത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി സംസാരിക്കും’’, ഖോട് പറഞ്ഞു. റയത് ക്രാന്തി സംഘടന എന്ന കർഷക സംഘടനയുടെ തലവനാണ് ഖോട്.
അതേസമയം, സദാഭാവു ഖോട്ടിന്റെ പ്രസ്താവനയ്ക്കെതിരേ മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ രംഗത്തെത്തി. ഗോസംരക്ഷകരെ വിമർശിക്കുന്പോൾ മിതത്വം പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. “പശുക്കളെ സംരക്ഷിക്കുന്നവരാണ് അവർ. ഹിന്ദു സമൂഹത്തെ അപമാനിക്കുന്ന പ്രസ്താവനകൾ ഖോട് നടത്തരുത്” -റാണെ പറഞ്ഞു.