വോട്ടർ അധികാർ യാത്രയിൽ പ്രിയങ്കയും
Wednesday, August 27, 2025 2:22 AM IST
മധുബനി (ബിഹാർ): ഭരണഘടനയ്ക്കുവേണ്ടി വോട്ടവകാശം സംരക്ഷിക്കാൻ വോട്ടർമാർ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ ഇന്ത്യാ മുന്നണി ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മധുബനിയിൽ വോട്ടർ അധികാർ യാത്രയ്ക്കിടെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
നിയമസഭാ തെരഞ്ഞെടുപ്പിനായി പൊതു പ്രകടനപത്രിക ഉടന്‍ തയാറാക്കും. ആശയപരമായും രാഷ് ട്രീയപരമായും ഇന്ത്യാ മുന്നണിയിലെ കക്ഷികള്‍ ഒറ്റമനസോടെയാണു പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.
ഒരുദിവസത്തെ വിശ്രമത്തിനുശേഷം ഇന്നലെ പുനരാരംഭിച്ച വോട്ടർ അധികാർ യാത്ര സുപോളില്‍ എത്തിയപ്പോള്‍ സഹോദരി പ്രിയങ്ക ഗാന്ധിയും സംഘത്തിനൊപ്പം ചേർന്നു. രാഹുലും പ്രിയങ്കയും തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ആര്‍ജെഡി അധ്യക്ഷന്‍ തേജസ്വി യാദവും അണിനിരന്ന വാഹനത്തെ റോഡിനിരുപുറവും നിന്ന് ജനക്കൂട്ടം ആവേശത്തോടെയാണു വരവേറ്റത്. രേവന്ത് റെഡ്ഡിക്കൊപ്പം തെലുങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയും മറ്റുമന്ത്രിമാരും യാത്രയിൽ ഉണ്ടായിരുന്നു.
പതിനാറുദിവസം നീളുന്ന യാത്രയ്ക്കു കഴിഞ്ഞ 17നു സസ്റാമിലാണു തുടക്കമായത്. 1300 കിലോമീറ്ററുകൾ പിന്നിടുന്ന യാത്ര അടുത്ത തിങ്കളാഴ്ച പാറ്റനയിൽ പടുകൂറ്റൻ റാലിയോടെയാണു സമാപിക്കുക.