അനിശ്ചിതകാല നിരാഹാരസമരത്തിനൊരുങ്ങി ജരാങ്കെ
Wednesday, August 27, 2025 1:27 AM IST
ഛത്രപതി സംഭാജിനഗർ: മറാഠ സംവരണവിഷയത്തിൽ മുംബൈയിൽ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് ആക്ടിവിസ്റ്റ് മനോജ് ജരാങ്കെ.
ഇന്നലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഓഫീസിലെ ഒഎസ്ഡി (ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി) രാജേന്ദ്ര സാബ്ലേ പാട്ടീൽ ജരാങ്കെയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ജരാങ്കെയുടെ ജന്മദേശമായ അന്തർവാലി സാരതിയിലായിരുന്നു കൂടിക്കാഴ്ച. ഗണേശോത്സവത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധയാത്ര നീട്ടിവയ്ക്കണമെന്ന് പാട്ടീൽ അഭ്യർഥിച്ചെങ്കിലും ജരാങ്കെ വഴങ്ങിയില്ല.
ഇതിനിടെ, മുൻകൂർ അനുമതിയില്ലാതെ പ്രതിഷേധം നടത്തരുതെന്ന് ജരാങ്കെയോട് ബോംബെ ഹൈക്കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ തന്റെ അഭിഭാഷകർ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജരാങ്കെ പറഞ്ഞു.
ബുധനാഴ്ച മുംബൈയിലേക്കു മാർച്ച് നടത്തുമെന്നാണ് ഇദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. മറാഠ വിഭാഗത്തെ ഒബിസിയിൽ ഉൾപ്പെടുത്തി സംവരണം നല്കണമെന്നാണ് മനോജ് ജരാങ്കെയുടെ ആവശ്യം.
ഇതിനിടെ, ഇന്നലെ ബിജെപിയുടെ ഒബിസി വിഭാഗം ചന്ദ്രപുരിൽ മനോജ് ജരാങ്കെയ്ക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചു. മറാഠ വിഭാഗത്തിനു സംവരണം നല്കുന്നതിന് തങ്ങൾ എതിരല്ലെന്നും ഒബിസി ക്വോട്ടയിൽ സംവരണം നല്കുന്നതിനെ എതിർക്കുമെന്നും മഹാരാഷ്ട്ര ബിജെപി ഒബിസി വിംഗ് വൈസ് പ്രസിഡന്റ് അശോക് ജിവ്തോഡെ പറഞ്ഞു.