യുദ്ധക്കപ്പലുകളിലെല്ലാം ബ്രഹ്മോസ് വരുന്നു
Wednesday, August 27, 2025 2:22 AM IST
ന്യൂഡൽഹി: സമുദ്രമേഖലയിലെ സൈനിക ശക്തി വർധിപ്പിക്കാൻ എല്ലാ കപ്പൽപ്പടകളിലും 2030ഓടെ സൂപ്പർ സോണിക് ബ്രഹ്മോസ് മിസൈൽ വിന്യസിക്കാനൊരുങ്ങി നാവികസേന.
ഓപ്പറേഷൻ സിന്ദൂറിനിടെ വ്യാപകമായി പരീക്ഷിക്കപ്പെട്ട ബ്രഹ്മോസ് മിസൈലുകൾ വിജയകരമായി ലക്ഷ്യങ്ങൾ തകർത്തതോടെയാണു ഇന്ത്യൻ ആവനാഴിയിലെ കരുത്തുറ്റ ആയുധങ്ങളെ എല്ലാ കപ്പൽപ്പടകളിലും വിന്യസിക്കാനുള്ള നാവികസേനയുടെ തീരുമാനം.
ഇന്നലെ കമ്മീഷൻ ചെയ്യപ്പെട്ട പുതിയ യുദ്ധക്കപ്പലുകളായ ഐഎൻഎസ് ഉദയ്ഗിരിയിലും ഐഎൻഎസ് ഹിമഗിരിയിലും പുതിയ ബ്രഹ്മോസ് ഘടിപ്പിച്ചതിലൂടെ നാവികസേനയ്ക്ക് ഇപ്പോൾ 14 ഗൈഡഡ് മിസൈൽ സ്റ്റെൽത്ത് ഫ്രിഗേറ്റുകളുണ്ട്.
800 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യയും റഷ്യയും സംയുക്തമായി വിന്യസിപ്പിച്ചെടുത്ത സൂപ്പർ സോണിക് മിസൈലാണ്. കരയിൽനിന്നും കടലിൽനിന്നും ആകാശത്തുനിന്നും വിക്ഷേപിക്കാൻ കഴിയുന്ന ഈ മിസൈലുകൾ ലോകത്തിലെ ഏറ്റവും വേഗമുള്ള ക്രൂസ് മിസൈലുകളിലൊന്നായാണു പരിഗണിക്കപ്പെടുന്നത്.