മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ; ജമ്മുവിൽ പത്ത് മരണം
Wednesday, August 27, 2025 1:27 AM IST
ജമ്മു/ശ്രീനഗർ: ശമിക്കാത്ത പേമാരിയെത്തുടർന്നുണ്ടായ അപകടങ്ങളില്‍ ജമ്മുകാഷ്മീരില്‍ പത്തുപേർ മരിച്ചു. വൈഷ്ണോദേവി തീർഥാടക പാതയിൽ മണ്ണിടിച്ചിലിൽ ആറുപേർക്കു ജീവൻ നഷ്ടമായത് ഉൾപ്പെടെയാണിത്.
ജമ്മുവിനുപുറമേ കാഷ്മീർ താഴ്വരയിലും പേമാരി കടുത്ത ദുരിതം സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ അഞ്ച് പാലങ്ങൾ ഇതുവരെ തകർന്നു. മൊബൈൽ ടവറുകളും വൈദ്യുതിപോസ്റ്റുകളും നിലംപറ്റിയതോടെ വൈദ്യുതിവിതരണവും വാർത്താവിനിമയസംവിധാനവും താറുമാറായി.
വൈഷ്ണദേവി തീര്‍ഥാടനപാതയില്‍ റിയാസി ജില്ലയിലെ ത്രികുത്തയിൽ ഇന്നലെ ഉച്ചതിരിഞ്ഞാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽ 14 പേർക്കു പരിക്കേറ്റു. നിരവധി തീർഥാടകർ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. മോശം കാലാവസ്ഥ കണക്കിലെടുത്ത് വൈഷ്ണോദേവി തീർഥാടനം നിർത്തിവച്ചതായി അധികൃതർ അറിയിച്ചു.
കത്രയിലെ ബേസ് ക്യാന്പിലുള്ള ആശുപത്രിയിൽ നിരവധിപേരാണ് ബന്ധുക്കളെ തിരഞ്ഞ് തടിച്ചുകൂടിയത്. ഗുരുതരമായി പരിക്കേറ്റ ഏതാനും പേരെ 15 കിലോമീറ്റർ അകലെ കാത്രയിലെ നാരായണ ആശുപത്രിയിലേക്കു മാറ്റി. ഇന്ദര്‍പ്രസ്ഥ ഭോജനാല കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ജമ്മുവിലെ ദോഡയില്‍ മേഘവിസ്ഫോടനത്തിൽ നാലുപേരും കൊല്ലപ്പെട്ടു. നിരവധി വീടുകൾ തകർന്നു. ജമ്മു-ശ്രീനഗര്‍ ദേശീയപാത ഉള്‍പ്പെടെ ഭൂരിഭാഗം റോഡുകളും അടച്ചു. ദോഡയെയും കിഷ്ത്വാറിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 24 ലും ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്.
പ്രധാന നദികളായ താവി, രവി എന്നിവ അപകടരേഖയ്ക്ക് മുകളിലാണ്. പലയിടത്തും നദികള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.
നേരത്തെ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വിവിധ ഭാഗങ്ങളിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്നും ഉടന്‍ ജമ്മുവിലേക്കു പോവുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.