മുസ്ലിംലീഗിന് ഡൽഹിയിൽ ദേശീയ ആസ്ഥാന മന്ദിരം
Wednesday, August 27, 2025 1:27 AM IST
ന്യൂഡൽഹി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാനമന്ദിരമായ ഡൽഹിയിലെ ഖാഇദെ മില്ലത്ത് സെന്റർ ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ നേതാക്കളും പ്രതിപക്ഷ ഇന്ത്യാസഖ്യത്തിലെ പ്രമുഖ നേതാക്കളും സംബന്ധിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നിരവധി പ്രവർത്തകർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
പുതിയ മന്ദിരം കേന്ദ്രീകരിച്ച് മുസ്ലിംലീഗിന്റെ സാമൂഹിക ശക്തീകരണ പദ്ധതികളും മതനിരപേക്ഷ ഇടപെടലുകളും കൂടുതൽ സജീവമായി നടപ്പാക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഭരണഘടനാസംരക്ഷണം, നീതിയുടെ രാഷ്ട്രീയം, എല്ലാവിഭാഗങ്ങളുടെയും ശക്തീകരണം എന്നിവ ഉറപ്പുവരുത്തുന്നതിൽ മുസ്ലിംലീഗ് ദേശീയ രാഷ്ട്രീയത്തിൽ വഹിച്ച സജീവമായ പങ്കും അദ്ദേഹം ഓർമപ്പെടുത്തി. ജനാധിപത്യകക്ഷികളെല്ലാം ഒന്നിച്ചുപ്രവർത്തിക്കേണ്ട അടിയന്തര സാഹചര്യമാണുള്ളതെന്ന് ചടങ്ങിൽ പ്രസംഗിച്ച സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.
ചടങ്ങിൽ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് കെ.എം. ഖാദർ മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ മതനിരപേക്ഷ രാഷ്ട്രീയം ഇന്നും ശക്തമായ നിലയിൽ തുടരുന്നുവെന്ന് ചടങ്ങിൽ സ്വാഗതമാശംസിച്ച മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.