ഒറ്റ ദിവസം, രണ്ട് യുദ്ധക്കപ്പലുകള്‍; ചരിത്രം കുറിച്ച് ഇന്ത്യൻ നാവികസേന
Wednesday, August 27, 2025 2:22 AM IST
വിശാഖപട്ടണം: ഇന്ത്യ തദ്ദേശമായി നിര്‍മിച്ച രണ്ട് യുദ്ധക്കപ്പലുകള്‍ ഒരേസമയം കമ്മീഷന് ചെയ്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്നലെ വിശാഖപട്ടണത്തെ നാവികകേന്ദ്രത്തില് നടന്ന ചടങ്ങിലാണ് ഐഎന്‍എസ് ഉദയഗിരി, ഐഎന്‍എസ് ഹിമഗിരി എന്നിവ കമ്മീഷന് ചെയ്തത്.
‘പ്രോജക്ട് 17എ’യുടെ ഭാഗമായി നിര്‍മ്മിച്ച ഈ യുദ്ധക്കപ്പലുകള്‍ ശത്രുക്കളുടെ റഡാറുകളുടെ കണ്ണുവെട്ടിച്ച് സഞ്ചരിക്കാന്‍ കഴിവുള്ളവയാണ്. ഇന്ത്യന്‍ നാവികസേനയുടെ വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോ (ഡബ്ല്യുഡിബി)തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത ഈ കപ്പലുകളില്‍ ഏകദേശം 75% ഇന്ത്യന്‍ നിര്‍മ്മിത ഘടകങ്ങളാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്.
മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡാണ് ‘ഉദയഗിരി’ നിര്‍മ്മിച്ചത്, ‘ഹിമഗിരി’കോല്‍ക്കത്തയിലെ ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്‍ഡ് എൻജിനിയേഴ്സിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഡബ്ല്യുഡിബി രൂപകല്‍പ്പന ചെയ്ത 100-ാമത്തെ കപ്പലാണ് ഉദയഗിരി. സൂപ്പര്‍സോണിക് സര്‍ഫസ്-ടു-സര്‍ഫസ് മിസൈലുകള്‍, മീഡിയം റേഞ്ച് സര്‍ഫസ്-ടു-എയര്‍ മിസൈലുകള്‍, 76 എംഎം എംആര്‍ ഗണ്‍, 30 എംഎം, 12.7 എംഎം ക്ലോസ്-ഇന്‍ ആയുധ സംവിധാനങ്ങള്‍ കപ്പലുകളില്‍ ഒരുക്കിയിട്ടുണ്ട്.