ട്രംപിന്റെ അധിക തീരുവ ഇന്ന് പ്രാബല്യത്തിൽ
Wednesday, August 27, 2025 2:22 AM IST
സീനോ സാജു
ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക ഇന്ത്യക്കുമേൽ പിഴയായി ചുമത്തിയ 25 ശതമാനം തീരുവ ഇന്നു പ്രാബല്യത്തിൽ വരും. പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച തീരുവ ഇന്നു പ്രാബല്യത്തിൽ വരുമെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് സ്ഥിരീകരിച്ചു.
അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന തീരുവയ്ക്കു തിരിച്ചടിയായി അമേരിക്ക ചുമത്തിയ 25 ശതമാനം പരസ്പര തീരുവ ഇതിനോടകം പ്രാബല്യത്തിൽ വന്നിരിക്കേയാണ് റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്കുമേൽ പിഴയായി ചുമത്തിയ തീരുവയും പ്രാബല്യത്തിൽ വരുന്നത്.
ഇതോടെ ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തുന്ന ആകെ തീരുവ 50 ശതമാനമാകും. അധിക തീരുവയിൽനിന്ന് ചില ഉത്പന്നങ്ങളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും വാർഷിക ജിഡിപിയിൽ 0.6 മുതൽ 0.8 ശതമാനം വരെ ഇടിവാണ് 50 ശതമാനം തീരുവ മൂലം കണക്കുകൂട്ടുന്നത്. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ 8700 കോടി ഡോളർ മൂല്യമുള്ള കയറ്റുമതിയുടെ 55 ശതമാനത്തെയും അധിക തീരുവ ബാധിച്ചേക്കാം.
രാജ്യത്തിന്റെ ജിഡിപിയുടെ 60 ശതമാനവും സംഭാവന ചെയ്യുന്ന പ്രാദേശിക ഉപഭോഗം വർധിപ്പിച്ച് ഭീമൻ തീരുവയെ നേരിടാനാണു കേന്ദ്രസർക്കാരിന്റെ ശ്രമം. സർക്കാർ മുന്നോട്ടുവച്ച ജിഎസ്ടിയിലെ ഇളവുകളും പരിഷ്കാരങ്ങളും രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് സീസണുകളിലൊന്നായ നവരാത്രി ആഘോഷങ്ങൾക്കുമുന്പ് നടപ്പിൽ വരുത്താനാണു കേന്ദ്രത്തിന്റെ നീക്കം.
സെപ്റ്റംബർ മൂന്നുമുതൽ നാലു വരെ ചേരുന്ന ജിഎസ്ടി കൗണ്‍സിൽ യോഗം ജിഎസ്ടിയിലെ പരിഷ്കാരങ്ങൾക്ക് അനുമതി നൽകിക്കഴിഞ്ഞാൽ വ്യാപാരസ്ഥാപനങ്ങൾക്ക് തങ്ങളുടെ സംവിധാനത്തിൽ മാറ്റം വരുത്താൻ രണ്ടാഴ്ച അനുവദിക്കും. ഇതിനുപിന്നാലെ സെപ്റ്റംബർ 20ഓടെ ജിഎസ്ടി പരിഷ്കാരങ്ങൾ അന്തിമമാകുമെന്നാണ് റിപ്പോർട്ടുകൾ.
സെപ്റ്റംബർ മധ്യത്തോടെ മാറ്റങ്ങൾ പ്രാബല്യത്തിലായാൽ ഉത്തരേന്ത്യയിലെ ജനങ്ങൾ വൻതോതിൽ വാഹനങ്ങളും വസ്ത്രങ്ങളും ആഭരണങ്ങളും വസ്തുക്കളും വാങ്ങുന്ന നവരാത്രിയിലും ദീപാവലിയിലും ഉപഭോഗം വർധിപ്പിച്ച് തീരുവയെ നേരിടാമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു.
ആഗോള അനിശ്ചിതത്വത്തിന്റെ നടുവിൽ രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്ക്ക് ഊന്നൽ നൽകി ഭാവി സുരക്ഷിതമാക്കാനും ഉപഭോഗസംസ്കാരം വർധിപ്പിച്ച് കേന്ദ്രം ലക്ഷ്യമിടുന്നുണ്ട്.
ജിഎസ്ടി കൗണ്‍സിൽ യോഗം നേരത്തേ സെപ്റ്റംബർ പകുതിയോടെ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ ജിഎസ്ടി പരിഷ്കരണത്തിലൂടെ കാറുകളുടെയും മറ്റു വസ്തുക്കളുടെയും വില കുറയുമെന്ന് കണക്കുകൂട്ടി നിരവധി ഉപയോക്താക്കൾ സാധനങ്ങൾ വാങ്ങുന്നത് വൈകിച്ചതിനാൽ യോഗം നേരത്തേയാക്കാൻ തീരുമാനിക്കുകയായിരുന്നു.
ട്രംപ് നാലുതവണ വിളിച്ചു; പ്രതികരിക്കാതെ മോദി
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാലുതവണ വിളിച്ചുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കാന്‍ തയാറായില്ലെന്ന് റിപ്പോര്‍ട്ട്.
വ്യാപാരത്തർക്കം രൂക്ഷമായി തുടരുന്നതിനിടെ ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് ടെലിഫോണ്‍ സംഭാഷണത്തിനുള്ള ട്രംപിന്റെ ക്ഷണം പ്രധാനമന്ത്രി നിരസിച്ചതെന്ന് ഒരു ജർമൻ പത്രം റിപ്പോർട്ട് ചെയ്തു.
എന്നാല്‍ വാര്‍ത്തയുടെ ഉറവിടം സംബന്ധിച്ച സൂചനകള്‍ പത്രം നല്‍കിയിട്ടില്ല. യുഎസ് സമ്മര്‍ദത്തിനു മുന്നില്‍ തലകുനിക്കില്ലെന്ന സൂചനയാണ് ഇന്ത്യ നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തേ ജപ്പാന് ദിനപത്രവും സമാനമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.