ബില്ലുകൾ തടഞ്ഞുവയ്ക്കാനുള്ള ഗവർണറുടെ അധികാരം; ആശങ്ക പ്രകടിപ്പിച്ച് ഭരണഘടനാബെഞ്ച്
Wednesday, August 27, 2025 1:27 AM IST
ന്യൂഡൽഹി: സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ തടഞ്ഞുവയ്ക്കാൻ ഗവർണർമാർക്കു സ്വന്തന്ത്ര്യമുണ്ടെന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 200 ന്റെ വ്യാഖ്യാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി ഭരണഘടനാബെഞ്ച്.
അത്തരമൊരു വ്യാഖ്യാനം അംഗീകരിക്കപ്പെട്ടാൽ നിയമസഭകൾ പാസാക്കുന്ന പണബില്ലുകൾ പോലും തടഞ്ഞുവയ്ക്കാൻ ഗവർണർക്കു കഴിയില്ലേയെന്നും ഭരണഘടനാബെഞ്ച് വാക്കാൽ പറഞ്ഞു. ഇത്തരം രീതി പ്രശ്നകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു.
ബില്ലിന്മേൽ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കാൻ കഴിയുമോയെന്നതുൾപ്പെടെ രാഷ്ട്രപതിയുടെ 14 പരാമർശങ്ങളാണു ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാബെഞ്ച് പരിശോധിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ വാദമാണ് ഇതുവരെയും കോടതിയിൽ നടന്നത്. ബില്ലിൽ തീരുമാനമെടുക്കാനുള്ള ഗവർണറുടെ അധികാരത്തെക്കുറിച്ച് പലപ്പോഴായി ഭരണഘടനാബെഞ്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ജനങ്ങൾ തെരഞ്ഞെടുത്ത നിയമസഭകളെ അസാധുവാക്കുകയല്ലേയെന്നും കോടതി കേന്ദ്ര സർക്കാരിനോടു ചോദിച്ചിരുന്നു.
എന്നാൽ ഒരു ബിൽ ഗവർണർ തടഞ്ഞുവച്ചാൽ ആ ബിൽ കാലഹരണപ്പെട്ടുവെന്നാണ് അർഥമാക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം. ഇത്തരത്തിൽ ഒരു ബിൽ തടഞ്ഞുവച്ചാൽ പുനഃപരിശോധനയ്ക്കായി സംസ്ഥാന നിയമസഭയ്ക്കു തിരികെ അയയ്ക്കണമെന്ന സുപ്രീംകോടതിയുടെ മുൻകാല ഉത്തരവിനോടും കേന്ദ്രസർക്കാർ വിയോജിപ്പ് രേഖപ്പെടുത്തി.
നിയമസഭ പാസാക്കിയ പണബിൽ ഗവർണർക്കു തള്ളിക്കളയാൻ സാധിക്കില്ലേയെന്നു കോടതി ചോദിച്ചു. എന്നാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 207 പ്രകാരം ഗവർണറുടെ നിർദേശത്തോടെ മാത്രമേ നിയമസഭയിൽ പണബിൽ അവതരിപ്പിക്കാൻ സാധിക്കൂവെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. ഗവർണറുടെ ശിപാർശയോടെ പണബിൽ അവതരിപ്പിക്കുന്നതിനാൽ തടഞ്ഞുവയ്ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യം ഉയരുന്നില്ലെന്നും മേത്ത കോടതിയിൽ പറഞ്ഞു.
മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഒഡീഷ, ഗോവ, ഛത്തീസ്ഗഡ്, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇന്നലെ തങ്ങളുടെ വാദം കോടതിയിൽ വ്യക്തമാക്കിയത്.
രാഷ്ട്രപതിക്കോ ഗവർണർമാർക്കോ ബില്ലുകളിൽ തീരുമാനമെടുക്കാൻ സുപ്രീംകോടതി സമയപരിധി നിശ്ചയിക്കാൻ പാടില്ലായിരുന്നു എന്ന വാദമാണ് ഈ സംസ്ഥാനങ്ങൾ ഭരണഘടനാബെഞ്ചിനു മുന്നിൽ അവതരിപ്പിച്ചത്. കേസിൽ നാളെ വീണ്ടും വാദം തുടരും.