"വൻതാര'യ്ക്കെതിരേയുള്ള അന്വേഷണം: എസ്ഐടി യോഗം ഇന്ന്
Thursday, August 28, 2025 3:05 AM IST
ന്യൂഡൽഹി: റിലയൻസ് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള മൃഗസംരക്ഷണ പുനരധിവാസകേന്ദ്രമായ "വൻതാര'യ്ക്കെതിരേയുള്ള അന്വേഷണത്തിന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) ആദ്യയോഗം ഇന്ന് ഡൽഹിയിൽ നടക്കും.
അന്വേഷണസംഘത്തിലെ അംഗങ്ങളായ സുപ്രീംകോടതി മുൻ ജഡ്ജി ജെ. ചെലമേശ്വർ, ഉത്തരാഖണ്ഡ്, തെലുങ്കാന ഹൈക്കോടതികളുടെ മുൻ ചീഫ് ജസ്റ്റീസ് രാഘവേന്ദ്ര ചൗഹാൻ, മുംബൈ മുൻ പോലീസ് കമ്മീഷണർ ഹേമന്ത് നഗ്രാലെ, കസ്റ്റംസ് അഡീഷണൽ കമ്മീഷണർ അനീഷ് ഗുപ്ത എന്നിവർ ചൊവ്വാഴ്ച ഓണ്‍ലൈനായി യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നു യോഗം ചേരാൻ തീരുമാനിച്ചത്.
സുപ്രീംകോടതി നിർദേശിച്ച എല്ലാ വശങ്ങളുടെയും അന്വേഷണഘടന നിശ്ചയിക്കുക, എസ്ഐടി അംഗങ്ങളുടെ ചുമതലകൾ തീരുമാനിക്കുക തുടങ്ങിയവയായിരിക്കും പ്രധാന അജൻഡ. മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി നേതൃത്വം നൽകുന്ന "വൻതാര'യ്ക്കു പിന്നിൽ നിരവധി നിയമവിരുദ്ധ നടപടികൾ നടക്കുന്നുണ്ടെന്ന ആരോപണത്തിലാണു പ്രത്യേക അന്വേഷണസംഘത്തെ സുപ്രീംകോടതി നിയോഗിച്ചത്.
വിഷയത്തിലെ ഹർജിക്കാർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, "വൻതാര'യുമായി ബന്ധപ്പെട്ട വിവിധ കക്ഷികൾ എന്നിവരിൽനിന്നു വിവരം തേടുന്നതിനടക്കമുള്ള അധികാരം അന്വേഷണസംഘത്തിനു നൽകിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിക്കുന്നവർ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.