ജിഎസ്ടി 2.0: ജിഡിപിയില്‍ 0.6 ശതമാനം വളര്‍ച്ച ലക്ഷ്യം
Thursday, August 28, 2025 3:05 AM IST
ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി) പരിഷ്കരിക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍. ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഇളവുകള്‍ ഇതോടെ പ്രതീക്ഷിച്ചതിലും നേരത്തേ ജനങ്ങളിലെത്തിയേക്കും.
ദീപാവലി ആഘോഷംകൂടി കണക്കിലെടുത്ത് ഒക്ടോബര്‍ പകുതിക്കുശേഷം പരിഷ്കാരങ്ങള്‍ കൊണ്ടുവരാനായിരുന്നു ആദ്യ ആലോചനകള്‍. എന്നാല്‍, നവരാത്രിക്കാലമായ സെപ്റ്റംബര്‍ അവസാനത്തോടെ തീരുമാനം നടപ്പാക്കാനാണ് ഇപ്പോള്‍ ശ്രമം.
ഇളവുകള്‍ കൊണ്ടുവരുന്നതിലെ കാലതാമസം വിപണിക്കു തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണിത്. പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചശേഷം ഉത്പന്നങ്ങള്‍ വാങ്ങാം എന്ന വികാരം വിപണിയില്‍ പ്രതിഫലിച്ചുതുടങ്ങിയിരുന്നു. നികുതി കുറയുമെന്ന പ്രതീക്ഷയിലായതിനാല്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ ശേഖരിക്കാന്‍ വ്യാപാരികളും തയാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് തീരുമാനം വേഗത്തിലാക്കുന്നത്.
2017ല്‍ ജിഎസ്ടി നിലവില്‍ വന്നതിനു ശേഷമുള്ള ഏറ്റവും വലിയ മാറ്റമാണ് ജിഎസ്ടി 2.0 ല്‍ ലക്ഷ്യമിടുന്നത്. ഇപ്പോഴത്തെ നാല് നികുതി സ്ലാബുകള്‍ (അഞ്ച്, 12, 18 , 28 ശതമാനം) എന്നിവ രണ്ട് പ്രധാന സ്ലാബുകളാക്കി കുറയ്ക്കുന്നതാണു പ്രധാന നിര്‍ദേശം.
അവശ്യവസ്തുക്കള്‍ക്ക് അഞ്ചുശതമാനവും മറ്റുള്ള പ്രധാന ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും 18 ശതമാനവും നികുതി നിര്‍ദേശിക്കപ്പെടുന്നു.
ആഡംബര ഉത്പന്നങ്ങള്‍ക്കും സിഗരറ്റ്, ഗുഡ്ക, പാൻ തുടങ്ങി ആരോഗ്യത്തിനു ഹാനികരമായ ഉത്പന്നങ്ങൾക്കും മാത്രമായി 40 ശതമാനം നികുതി ഏർപ്പെടുത്താനും നിർദേശമുണ്ടെന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നു.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കുറവ് ഇതോടെ ഉറപ്പായിക്കഴിഞ്ഞു. ഇപ്പോള്‍ പന്ത്രണ്ട് ശതമാനം സ്ലാബിലെ ഭൂരിഭാഗം ഉത്പന്നങ്ങളും അഞ്ചു ശതമാനത്തിന്റെ നിരക്കിലേക്കു മാറും.
ഇപ്പോള്‍ 28 ശതമാനം നികുതി ഈടാക്കുന്ന ഉത്പന്നങ്ങള്‍ക്കും സേവനകള്‍ക്കും പരിഷ്കാരങ്ങള്ക്കുശേഷം 18 ശതമാനം നികുതി നല്കിയാല് മതിയാകും. വീട്ടുപകരണങ്ങള്‍ക്കു മുതല്‍ പാകംചെയ്ത ഭക്ഷണസാധനങ്ങള്‍ക്കു വരെ വിലക്കുറവ് പ്രതീക്ഷിക്കുന്നു. ഇന്‍ഷ്വറന്‍സ് മേഖലയിലും കൂടുതൽ ആനുകൂല്യങ്ങൾ ഉണ്ടാകും.
ആരോഗ്യ, ലൈഫ് ഇന്‍ഷ്വറന്‍സ് സേവനങ്ങളെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കണമെന്ന നിര്‍ദേശങ്ങളും സജീവപരിഗണനയിലുണ്ട്.
സെപ്റ്റംബര്‍ അവസാനം ചേരാനിരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം മൂന്ന്, നാല് തീയതികളില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗത്തിന്റെ അംഗീകാരം ലഭിച്ചാല്‍ നവരാത്രിക്കു മുമ്പേ പരിഷ്കാരങ്ങള്‍ പ്രാബല്യത്തില്‍ വരും.
വിപണിയില്‍ ഗുണപരമായ മാറ്റം കൊണ്ടുവരുന്നതിനൊപ്പം വരുംവര്‍ഷങ്ങളില്‍ ജിഡിപിയില്‍ 0.6 ശതമാനത്തിന്റെ വളര്‍ച്ചയാണു പ്രതീക്ഷിക്കുന്നത്. എന്നാൽ നികുതിയിനത്തില്‍ കേന്ദ്രത്തിനു ലഭിക്കേണ്ട തുകയില്‍ പ്രതിവര്‍ഷം 2000 കോടി രൂപയുടെ കുറവുണ്ടാകും. വിപണി ശക്തിപ്പെടുന്നതിലൂടെയും സാമ്പത്തിക അച്ചടക്കം പിന്തുടരുന്നതിലൂടെയും ഇതു ഭാഗികമായെങ്കിലും മറികടക്കാനാകുമെന്നാണു പ്രതീക്ഷ.
ചില വിയോജിപ്പുകള്‍ അവശേഷിക്കുന്നുണ്ടെങ്കിലും മിക്ക സംസ്ഥാനങ്ങളും ജിഎസ്ടി പരിഷ്കാരത്തെ സ്വാഗതം ചെയ്തതും തീരുമാനം വേഗത്തിലാക്കുന്നതിനു സഹായിക്കുന്നുണ്ട്.
പ്രധാനമന്ത്രിയെ ആശങ്ക അറിയിച്ചെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: ജിഎസ്ടി നിരക്കുഘടനയുടെ പരിഷ്കരണം നടപ്പാക്കുന്പോൾ സംസ്ഥാനത്തിനുണ്ടാകുന്ന വരുമാനനഷ്ടത്തെപ്പറ്റി വലിയ ആശങ്കയുണ്ടെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കു കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ജിഎസ്ടി നിരക്കുഘടന പുനഃപരിശോധിക്കുമെന്നുള്ള പ്രഖ്യാപനമുണ്ടായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയിൽ ചർച്ചകളും നടക്കുന്നുണ്ട്.
അവശ്യവസ്തുക്കളുടെ നികുതിനിരക്കു കുറയ്ക്കുന്നതിലൂടെ സാധാരണ പൗരന്റെ നികുതിഭാരം കുറയ്ക്കാൻ കഴിയുന്ന ഏതൊരു നടപടിയും സ്വാഗതാർഹമാണെങ്കിലും സംസ്ഥാനങ്ങൾക്കുള്ള വരുമാനനഷ്ടം ദരിദ്രർക്കും സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും വേണ്ടിയുള്ള ക്ഷേമപ്രവർത്തനങ്ങൾക്കു തടസമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹിക-സാന്പത്തിക മേഖലകളിലെ ചെലവ് ബാധ്യതകളുമായി താരതമ്യപ്പെടുത്തുന്പോൾ സംസ്ഥാനങ്ങൾക്കു പരിമിതമായ വരുമാന സമാഹരണ അധികാരങ്ങൾ മാത്രമേയുള്ളൂ. നിലവിൽ ഓപ്പണ്‍ മാർക്കറ്റ് കടമെടുപ്പുകളിലൂടെ വിഭവങ്ങൾ സമാഹരിക്കുന്നതിനു നിരവധി നിയന്ത്രണങ്ങളുണ്ട്.
ഈ സാഹചര്യം കണക്കിലെടുക്കുന്പോൾ ജിഎസ്ടി നിരക്കു പരിഷ്കരിക്കുന്നതിലൂടെ പെട്ടെന്നുണ്ടാകുന്ന വരുമാനനഷ്ടം സംസ്ഥാനങ്ങളുടെ വരുമാനശേഖരണ ശേഷിയെ കൂടുതൽ ദുർബലമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.