വിവിധ ഹൈക്കോടതി ജഡ്ജിമാരെ സ്ഥലംമാറ്റാൻ കൊളീജിയം ശിപാർശ
Thursday, August 28, 2025 3:05 AM IST
ന്യൂഡൽഹി: കേരളമുൾപ്പെടെ ഒന്പത് സംസ്ഥാനങ്ങളിലെ 14 ഹൈക്കോടതി ജഡ്ജിമാരെ സ്ഥലംമാറ്റാൻ ശിപാർശ ചെയ്തു സുപ്രീംകോടതി കൊളീജിയം. ചീഫ് ജസ്റ്റീസായി ബി.ആർ. ഗവായ് ചുമതലയേറ്റ് നാലു മാസത്തിനുള്ളിൽ ഇതു രണ്ടാം തവണയാണ് ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിന് കൊളീജിയം ശിപാർശ ചെയ്യുന്നത്.
നിലവിൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റീസ് ജെ. നിഷ ബാനുവിനെ കേരള ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റാൻ നിർദേശിച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയിൽ സേവനമനുഷ്ഠിക്കുന്ന ജസ്റ്റീസ് ചന്ദ്രശേഖരൻ സുധയെ ഡൽഹി ഹൈക്കോടതിയിലേക്കു മാറ്റുന്നതിനും ശിപാർശയുണ്ട്.
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഡൽഹി, മദ്രാസ്, രാജസ്ഥാൻ, അലഹബാദ്, ഗുജറാത്ത്, കോൽക്കത്ത തുടങ്ങിയ ഹൈക്കോടതികളിൽനിന്നുള്ള ജഡ്ജിമാരെ സ്ഥലം മാറ്റുന്നതിനും കൊളീജിയം ശിപാർശ ചെയ്തിട്ടുണ്ട്.
ഈ മാസം 25നും 26നും ചേർന്ന കൊളീജിയത്തിന്റെ യോഗത്തിലാണ് ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാനും മാതൃ ഹൈക്കോടതികളിലേക്കു തിരിച്ചയയ്ക്കാനും തീരുമാനിച്ചത്. ഇതിനുമുന്പ് കഴിഞ്ഞ മേയ് മാസത്തിൽ ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റിയിരുന്നു.