കടുത്ത വ്യവസ്ഥകളുമായി ഉത്തരാഖണ്ഡിൽ മതപരിവർത്തന നിരോധന നിയമം
Thursday, August 28, 2025 1:17 AM IST
ഡെറാഡൂൺ: കടുത്ത വ്യവസ്ഥകളുമായി ഉത്തരാഖണ്ഡിലെ പുഷ്കർ സിംഗ് ധാമി സർക്കാർ മതപരിവർത്തന നിരോധന നിയമഭേദഗതി നിയമസഭയിൽ പാസാക്കി. നിർബന്ധിത മതപരിവർത്തനത്തിന് നിലവിൽ പരമാവധി പത്തു വർഷം തടവും 50,000 രൂപ പിഴയുമാണു ശിക്ഷയെങ്കിൽ നിയമഭേദഗതിപ്രകാരം ജീവപര്യന്തം തടവും പത്തു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.
ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം നിരോധിക്കൽ, ഇരകളുടെ സംരക്ഷണം എന്നിവയ്ക്കായി ശക്തമായ വ്യവസ്ഥകളും നിയമഭേദഗതിയിൽ ചേർത്തിട്ടുണ്ട്. ഗവർണറുടെ അംഗീകാരം ലഭിക്കുന്നതോടെ ബിൽ നിയമമാകും. ഇതോടെ രാജ്യത്ത് ഏറ്റവും കടുത്ത വ്യവസ്ഥകളോടെ മതപരിവർത്തന നിരോധന നിയമം പാസാക്കുന്ന സംസ്ഥാനമായിരിക്കുകയാണ് ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ്.
2018 മുതൽ ഉത്തരാഖണ്ഡിൽ നിലവിലുള്ള നിയമത്തിൽ വരുത്തുന്ന രണ്ടാമത്തെ ഭേദഗതിയാണിത്. പുഷ്കർ സിംഗ് ധാമി രണ്ടാംതവണയും മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷം 2022ൽ ആദ്യ ഭേദഗതി വരുത്തിയിരുന്നു. പുതിയ നിയമപ്രകാരം ഒരാളെ കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ പോലീസിന് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം. അതു ജാമ്യം ലഭിക്കാത്ത കുറ്റവുമായി മാറും. പ്രേരണയുടെ വിശദമായ നിർവചനവും നിയമത്തിനു കീഴിൽ നൽകിയിട്ടുണ്ട്.
സമ്മാനങ്ങൾ, പണം-ആനുകൂല്യങ്ങൾ, തൊഴിൽ, സൗജന്യ വിദ്യാഭ്യാസം, വിവാഹ വാഗ്ദാനം, മതവിശ്വാസത്തെ വ്രണപ്പെടുത്തൽ അല്ലെങ്കിൽ മറ്റൊരു മതത്തെ മഹത്വപ്പെടുത്തൽ എന്നിവയെല്ലാം കുറ്റകൃത്യങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നിയമപ്രകാരം, സോഷ്യൽ മീഡിയ, മെസേജിംഗ് ആപ് അല്ലെങ്കിൽ ഏതെങ്കിലും ഓൺലൈൻ മാധ്യമം വഴി മതപരിവർത്തനം പ്രോത്സാഹിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് തുടങ്ങിയവ ശിക്ഷാർഹമായ കുറ്റമായി കണക്കാക്കും. ഈ നിയമത്തിന്റെ പൊതുവായ ലംഘനത്തിന് മൂന്നുമുതൽ പത്തു വർഷം വരെ തടവുശിക്ഷ ലഭിക്കാനുള്ള വ്യവസ്ഥയുണ്ട്.
ചുരുക്കത്തിൽ, ഹിന്ദുമതത്തിൽപ്പെട്ടവർക്കു വാട്സാപ്പിലൂടെ ക്രിസ്മസ് പോലുള്ള വിശേഷദിനങ്ങളിൽ ആശംസ നേരുന്നതുപോലും ശിക്ഷാർഹമാണ്. സെൻസിറ്റീവ് വിഭാഗവുമായി ബന്ധപ്പെട്ട കേസുകളിൽ അഞ്ചു മുതൽ 14 വർഷം വരെ തടവും ഗുരുതരമായ കേസുകളിൽ 20 വർഷം മുതൽ ജീവപര്യന്തം വരെ തടവും കനത്ത പിഴയും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.
മതം മറച്ചുവച്ച് വിവാഹം കഴിക്കുന്നതിനും കർശനമായ ശിക്ഷ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇരയുടെ അവകാശങ്ങൾ, സംരക്ഷണം, പുനരധിവാസം, മെഡിക്കൽ, യാത്ര, പരിപാലന ചെലവുകൾ എന്നിവയ്ക്കും നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.