ധർമസ്ഥല ആക്ഷൻ കമ്മിറ്റി ഭാരവാഹിയുടെ വീട്ടിൽ പോലീസ് പരിശോധന; ചിന്നയ്യയുടെ ഫോൺ കണ്ടെത്തി
Thursday, August 28, 2025 1:17 AM IST
മംഗളൂരു: ധർമസ്ഥലയിലെ വിവാദ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട അന്വേഷണം ആക്ഷൻ കമ്മിറ്റി ഭാരവാഹികളിലേക്കു നീങ്ങുന്നു.
ആക്ഷൻ കമ്മിറ്റി ഭാരവാഹിയായ മഹേഷ് ഷെട്ടി തിമ്മരോഡിയുടെയും സഹോദരൻ മോഹൻ ഷെട്ടിയുടെയും വീടുകളിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി.
വെളിപ്പെടുത്തലുകൾ നടത്തിയ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ ആഴ്ചകളോളം ഒളിവിൽ താമസിപ്പിച്ചിരുന്നത് മഹേഷ് ഷെട്ടിയുടെ വീട്ടിലായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ചിന്നയ്യയുടെ നഷ്ടപ്പെട്ടതായി പറഞ്ഞ മൊബൈൽ ഫോണും മറ്റു ചില സാധനങ്ങളും ഇവിടെനിന്ന് കണ്ടെടുത്തു. ചിന്നയ്യ സ്വന്തം നിലയിൽ ആരുമായും ബന്ധപ്പെടാതിരിക്കാൻ വേണ്ടിയാണ് ഇയാളുടെ മൊബൈൽ എടുത്തുമാറ്റി ഒളിപ്പിച്ചുവച്ചതെന്ന് കരുതുന്നു. ഇയാൾ അന്വേഷണസംഘത്തിന് നല്കിയ മൊഴികൾ പറഞ്ഞുപഠിപ്പിച്ചതും ചില യുട്യൂബ് ചാനലുകൾക്ക് അഭിമുഖം നല്കിയതും ഇവിടെവച്ചായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
തെളിവെന്ന നിലയിൽ ചിന്നയ്യ കോടതിയിൽ ഹാജരാക്കിയ തലയോട്ടി ഏതോ ഫോറൻസിക് ലബോറട്ടറിയിൽനിന്നു സംഘടിപ്പിച്ചതാണെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ലാബിൽ കേടുകൂടാതെ സൂക്ഷിക്കുന്നതിനായി പുരട്ടിയ മെഴുകിന്റെ ആവരണം ഇതിലുണ്ടായിരുന്നു.
കുഴിച്ചെടുത്തതാണെന്ന് വരുത്തിത്തീർക്കാനായി അതിനു മുകളിൽ മണ്ണു വാരിവിതറുകയായിരുന്നു. ഇത് ഒരു പുരുഷന്റെ തലയോട്ടിയാണെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ഈ തലയോട്ടി നല്കിയത് ആരെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.
എംബിബിഎസ് വിദ്യാർഥിനിയായ മകളെ കാണാതായെന്ന കള്ളക്കഥയുമായി ബംഗളൂരു സ്വദേശിനിയായ സുജാത ഭട്ടിനെ രംഗത്തിറക്കിയത് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ഗിരീഷ് മട്ടന്നവരും മലയാളിയായ ടി. ജയന്തും ചേർന്നാണെന്ന് അവർ മൊഴി നൽകിയിട്ടുണ്ട്. 40 വർഷം മുമ്പ് ധർമസ്ഥലയിൽ വച്ചു കൊല്ലപ്പെട്ട പദ്മലതയുടെ ബന്ധുവാണ് പ്രാദേശിക സിപിഎം പ്രവർത്തകനായ ജയന്ത്.
സംഘപരിവാർ സംഘടനയായ ഹിന്ദു ജാഗരൺ വേദികെയുടെ ജില്ലാ പ്രസിഡന്റായിരുന്ന മഹേഷ് ഷെട്ടി 2012ൽ സൗജന്യയുടെ കൊലപാതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്നാണ് ധർമസ്ഥല ട്രസ്റ്റിനെതിരേ തിരിഞ്ഞത്.
ധർമസ്ഥലയിലെ ചില റിയൽ എസ്റ്റേറ്റ് താത്പര്യങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളും ഉണ്ടായിരുന്നതായാണ് സൂചന. ഇതേത്തുടർന്ന് സംഘപരിവാർ ബന്ധം ഉപേക്ഷിച്ച് രാഷ്ട്രീയ ഹിന്ദു ജാഗരൺ വേദികെ എന്ന പേരിൽ സ്വന്തം സംഘടന രൂപവത്കരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു.