പാക്കിസ്ഥാന് വീണ്ടും പ്രളയ മുന്നറിയിപ്പുകൾ നൽകി ഇന്ത്യ
Thursday, August 28, 2025 3:05 AM IST
ന്യൂഡൽഹി: തവി നദിയിൽ പ്രളയമുണ്ടാകാനുള്ള സാധ്യത സംബന്ധിച്ചുള്ള പുതുക്കിയ മുന്നറിയിപ്പുകൾ ഇന്നലെയും ഇന്ത്യ പാക്കിസ്ഥാന് നൽകി. ഉത്തേരന്ത്യൻ സംസ്ഥാനങ്ങളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് നിരവധി ഡാമുകൾ തുറന്നുവിട്ട സാഹചര്യത്തിലാണിത്.
വിദേശകാര്യ മന്ത്രാലയം വഴിയാണ് ഇസ്ലാമബാദിനു വിവരങ്ങൾ കൈമാറിയത്. തിങ്കളാഴ്ച ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് ചൊവ്വാഴ്ചയും ബുധനാഴ്ചയും അലെർട്ട് പുറപ്പെടുവിച്ചു. ഹിമാലയത്തിൽ ഉത്ഭവിക്കുന്ന തവി നദി, ജമ്മു മേഖലയിലൂടെ കടന്നുപോയതിനുശേഷമാണ് പാക്കിസ്ഥാനിലെ ചെനാബ് നദിയിൽ ചേരുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം, സിന്ധു നദീജലക്കരാർ പ്രകാരം കൈമാറിവന്നിരുന്ന വിവരങ്ങൾ ഇന്ത്യ നിർത്തലാക്കിയിരുന്നു. മുന്നറിയിപ്പുകൾ മാനുഷികപരിഗണന മുൻനിർത്തിയാണെന്ന് കേന്ദ്രം അറിയിച്ചു.