"അജ്ഞാത പാർട്ടികൾക്ക്' കോടികളുടെ സംഭാവന ; തെരഞ്ഞെടുപ്പു കമ്മീഷൻ അന്വേഷിക്കുമോ?
Thursday, August 28, 2025 3:05 AM IST
ന്യൂഡൽഹി: ഗുജറാത്തിലെ പത്ത് "അജ്ഞാത പാർട്ടികൾക്ക്' 2019-20നും 2023-24നും ഇടയിൽ 4300 കോടി രൂപ സംഭാവനയായി ലഭിച്ചുവെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ഇതുസംബന്ധിച്ച് ഒരു ദിനപത്രത്തിലെ റിപ്പോർട്ട് എക്സിൽ പങ്കുവച്ചുകൊണ്ടാണ് രാഹുൽ എക്സിൽ വിഷയം ചൂണ്ടിക്കാട്ടിയത്.
ഈ പാർട്ടികളെപ്പറ്റി ആരും കേട്ടിട്ടില്ലെന്നും എന്നിട്ടും ഇവർക്കു കോടികളുടെ സംഭാവന ലഭിച്ചുവെന്നും ഹിന്ദി ദിനപത്രമായ "ദൈനിക് ഭാസ്കറി'ലെ റിപ്പോർട്ടിനെ ഉദ്ധരിച്ച് രാഹുൽ കുറ്റപ്പെടുത്തി.
വളരെ കുറച്ചു തെരഞ്ഞെടുപ്പിൽ മാത്രം മത്സരിച്ച ഈ പാർട്ടികൾക്ക് എവിടെനിന്നാണ് ആയിരത്തിലധികം കോടികൾ ലഭിച്ചതെന്നും ആരാണ് ഇവ പ്രവർത്തിപ്പിക്കുന്നതെന്നും എവിടേക്കാണ് ഈ പണം പോയതെന്നും രാഹുൽ ചോദിച്ചു.
വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണം നടത്തുമോ, അതോ മുന്പത്തെപ്പോലെ സത്യവാങ്മൂലം ആവശ്യപ്പെടുമോ, അതോ ഈ വിവരങ്ങളും മറച്ചുവയ്ക്കാൻ നിയമംതന്നെ മാറ്റുമോയെന്നും രാഹുൽ ചോദിച്ചു.