ട്രംപ് ഉത്തരവിട്ട് അഞ്ചു മണിക്കൂറിനുള്ളിൽ മോദി അനുസരിച്ചു: രാഹുൽ
Thursday, August 28, 2025 3:05 AM IST
മുസാഫർപുർ: ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ പാക്കിസ്ഥാനെതിരേ ഇന്ത്യ നടത്തിയ സൈനിക നടപടി നിർത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ട് അഞ്ച് മണിക്കൂറുകൾക്കുള്ളിൽ നരേന്ദ്ര മോദി വഴങ്ങിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
വോട്ട് അധികാർ യാത്രയുടെ ഭാഗമായി ബിഹാർ മുസാഫർപുറിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പരാമർശം. ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവർ രാഹുലിനൊപ്പമുണ്ടായിരുന്നു.
“യുദ്ധം അവസാനിപ്പിക്കാൻ 24 മണിക്കൂർ സമയം തരാമെന്നാണു ട്രംപ് പറഞ്ഞത്. എന്നാൽ, മോദി അഞ്ച് മണിക്കൂറിനുള്ളിൽ ട്രംപിന്റെ നിർദേശം അനുസരിച്ചു. ട്രംപ് പറഞ്ഞത് മാധ്യമങ്ങൾ കാണിക്കില്ല. അവർക്ക് മോദിയും അദ്ദേഹത്തിന്റെ വ്യവസായ സുഹൃത്തുക്കളുമാണു വലുത്”-രാഹുൽ പറഞ്ഞു.
വരുംദിവസങ്ങളിൽ വോട്ട് കൊള്ളയ്ക്ക് കൂടുതൽ തെളിവുകൾ പുറത്തുകൊണ്ടുവരും. മോദി ഒരുകാലത്ത് കൊട്ടിഘോഷിച്ച ഗുജറാത്ത് മോഡൽ എന്നത് വോട്ട് കൊള്ളയായിരുന്നു.
ഗുജറാത്തിൽനിന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ വോട്ടുകൾ മോഷ്ടിച്ച് തെരഞ്ഞെടുപ്പുകൾ ജയിക്കുന്ന സന്പ്രദായം മോദിയും അമിത് ഷായും ആരംഭിച്ചതെന്നും രാഹുൽ ആക്ഷേപിച്ചു.