ഓഗസ്റ്റ് 29, ഇന്ത്യയുടെ ദേശീയ കായികദിനം...
Friday, August 29, 2025 1:40 AM IST
സമാധാനപരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കായികം എന്നതാണ് 2025 ദേശീയ കായികദിനത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഫിറ്റ് ഇന്ത്യ മിഷനും ഇന്നു തുടക്കമാകും. ഇന്നു മുതല്‍ മൂന്നുദിനമാണ് (29-31) ഫിറ്റ് ഇന്ത്യ മിഷന്. ഒരു മണിക്കൂര്‍ മൈതാനത്ത് എന്നതാണ് ഫിറ്റ് ഇന്ത്യ മിഷന്റെ തീം. ഓരോ ദിനവും ചുരുങ്ങിയത് ഒരു മണിക്കൂര്‍ ഔട്ട്ഡോര്‍ ഗെയിമിനും കായികാധ്വാനത്തിനും ചെലവഴിക്കണമെന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ഇന്ത്യന്‍ ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ ജന്മദിനമാണ് (ഓഗസ്റ്റ് 29) ദേശീയ കായിക ദിനമായ ആചരിക്കുന്നത്. 1928, 1932, 1936 ഒളിമ്പിക് ഹോക്കി സ്വര്‍ണത്തിലേക്ക് ഇന്ത്യയെ നയിച്ച താരമാണ് ധ്യാന്‍ ചന്ദ്.
കബഡി, കബഡി...
ദേശീയ കായികദിനമായ ഇന്ന് 12-ാം സീസണ് പ്രൊ കബഡി ലീഗിനും തുടക്കമാകും. വിവിധ കായിക ഇനങ്ങളിലെ ശ്രദ്ധേയ താരങ്ങള്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങാണ് പ്രൊ കബഡി 2025 സീസണിന്റെ ആകര്‍ഷണം.
ബാഡ്മിന്റണ്‍ ഇതിഹാസം പുല്ലേല ഗോപിചന്ദ്, ഹോക്കി മുന്‍ ക്യാപ്റ്റന്‍ ധന്‍രാജ് പിള്ള, കബഡി താരം പ്രദീപ് നര്‍വാല്‍, ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. തെലുങ്കു ടൈറ്റന്‍സും തമിഴ് തലൈവാസും തമ്മിലാണ് ആദ്യ മത്സരം.