സഞ്ജു അടിച്ചു, കൊച്ചി ജയിച്ചു...
Friday, August 29, 2025 1:40 AM IST
തോമസ് വര്‍ഗീസ്
കാര്യവട്ടം: സൂപ്പര്‍ താരം സഞ്ജു സാംസണ് മുന്നില്‍നിന്നു നയിച്ചപ്പോള്‍ കൊച്ചിക്കു ജയം. കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) 2025 സീസണില്‍ നാലാം ജയത്തിലൂടെ കൊച്ചി ബ്ലൂ ടൈഗേഴ്സ് പോയിന്റ് പട്ടികയുടെ തലപ്പത്ത് തിരിച്ചെത്തി.
സഞ്ജു സാംസണിന്റെ മിന്നും അര്‍ധ സെഞ്ചുറിയുടെ ബലത്തില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ കൊച്ചിക്ക് 9 റണ്‍സിന്റെ വിജയം. 37 പന്തില്‍ അഞ്ച് സിക്സും നാല് ഫോറും അടക്കം 62 റണ്‍സ് സ്വന്തമാക്കിയ സഞ്ജുവാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
സ്കോര്‍: കൊച്ചി ബ്ലൂ ടൈഗേഴ്സ് 20 ഓവറില്‍ 191/5. അദാനി ട്രിവാന്‍ഡ്രം റോയല്‍സ് 20 ഓവറില്‍ 182/6.
തിളക്കം തുടര്‍ന്ന് സഞ്ജു
ഏരീസ് കൊല്ലത്തിനെതിരേ സെഞ്ചുറിയും തൃശൂര്‍ ടൈറ്റന്‍സിനെതിരേ അര്‍ധസെഞ്ചുറിയും നേടിയ സഞ്ജു സാംസണ്, കെസിഎല്‍ 2025 സീസണില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും 50+ സ്കോര്‍ സ്വന്തമാക്കി. കാലിക്കട്ട് ഗ്ലോബ് സ്റ്റാഴ്സിനെതിരേ ബുധനാഴ്ച 33 റണ്‍സിനു പരാജയപ്പെട്ട മത്സരത്തില്‍ പനിയെത്തുടര്‍ന്ന് സഞ്ജു ഇറങ്ങിയിരുന്നില്ല.
ട്രിവാന്ഡ്രത്തിനെതിരേ സഞ്ജു-വിനൂപ് മനോഹരന് കൂട്ടുകെട്ട് കരുതലോടെയാണ് ബാറ്റിംഗ് തുടങ്ങിയത്. ആദ്യ ഓവറില്‍ ബേസില്‍ തമ്പിക്കെതിരേ ഒരു സിക്സും രണ്ടു ബൗണ്ടറിയും ഉള്‍പ്പെടെ 14 റണ്‍സ് സഞ്ജു നേടി. ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടം കൂടാതെ 57 റണ്‍സ് എന്ന നിലയിലായിരുന്നു കൊച്ചി. അബ്ദുള്‍ ബാസിത് എറിഞ്ഞ 7.4-ാം ഓവറില്‍ വിനൂപ് മനോഹരന് (26 പന്തില്‍ 42) വിക്കറ്റിനു മുന്നില്‍ കുടുങ്ങി പുറത്ത്. സഞ്ജുവിനു കൂട്ടായി സഹോദരന് സാലി സാംസണ് ക്രീസില്‍. എന്നാല്‍, ഏഴു പന്തു മാത്രമാണ് സാലിക്ക് (9) നേരിടാന്‍ കഴിഞ്ഞത്.
32 പന്തില്‍ നിന്നായിരുന്നു സഞ്ജുവിന്റെ അര്‍ധ ശതകം. 15-ാം ഓവറിലെ നാലാം പന്തില്‍ അഭിജിത് പ്രവീണ്‍ സഞ്ജുവിനെ, സഞ്ജീവിന്റെ കൈകളിലെത്തിച്ചു. ഓവറിലെ അവസാന പന്തില്‍ ആല്‍ഫി ഫ്രാന്‍സിസും (0) പുറത്ത്. നിഖില്‍ തോട്ടത്ത് (35 പന്തില്‍ 45 നോട്ടൗട്ട്)- ജോബിന് ജോബി (10 പന്തില്‍ 26) കൂട്ടുകെട്ടാണ് കൊച്ചിക്കു വാലറ്റത്ത് കരുത്തായത്.
സഞ്ജീവിന്റെ പോരാട്ടം
192 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ട്രിവാന്‍ഡ്രത്തിനു വേണ്ടി അര്‍ധ സെഞ്ചുറിയുമായി സഞ്ജീവ് സതിരേശന്‍ പൊരുതിയെങ്കിലും ഫലമുണ്ടായില്ല. 46 പന്തില്‍ അഞ്ച് സിക്സും നാല് ഫോറും ഉള്‍പ്പെടെ 70 റണ്‍സ് എടുത്ത സഞ്ജീവാണ് ട്രിവാന്‍ഡ്രത്തിന്റെ ടോപ് സ്കോറര്‍.
ക്യാപ്റ്റനും ഓപ്പണറുമായ കൃഷ്ണപ്രസാദ് (29 പന്തില്‍ 36), അബ്ദുള്‍ ബാസിത് (27 പന്തില്‍ 41) എന്നിവരും പൊരുതിയെങ്കിലും ജയത്തിലേക്കെത്താന്‍ ട്രിവാന്‍ഡ്രത്തിനു സാധിച്ചില്ല. കൊച്ചി ബൗളര്‍മാരില്‍ ക്യാപ്റ്റന്‍ സാലി സാംസണിനാണ് ഏറ്റവും മികച്ച ഇക്കോണമി. നാല് ഓവറില്‍ 20 റണ്‍സ് മാത്രം നല്കിയ സാലി ഒരു വിക്കറ്റ് വീഴ്ത്തി.