ജിഎസ്ടി പരിഷ്കരണം ; കേരളത്തിനു തിരിച്ചടി
Friday, August 29, 2025 1:27 AM IST
ന്യൂഡൽഹി: ചരക്കുസേവന നികുതിനിരക്കുകൾ കുറയ്ക്കുന്ന പരിഷ്കരണത്തിനായി ധനമന്ത്രിമാരുടെ ജിഎസ്ടി കൗണ്‍സിൽ അടുത്ത മാസം മൂന്ന്, നാല് തീയതികളിൽ യോഗം ചേരാനിരിക്കെ കടബാധ്യത കൂടുതലും പരിമിത വരുമാനവുമുള്ള കേരളം, പഞ്ചാബ്, ബിഹാർ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ സാന്പത്തിക പ്രതിസന്ധിയിലാകുമെന്ന് വിദഗ്ധർ. ജിഎസ്ടി നഷ്ടപരിഹാര സെസ് ഒക്ടോബറിൽ അവസാനിപ്പിക്കാനിരിക്കെയാണു പുതിയ വെല്ലുവിളി.
നികുതിവരുമാനത്തിൽ വലിയ ഇടിവുണ്ടാകുന്ന ദുർബലസംസ്ഥാനങ്ങളെ കേന്ദ്രം സഹായിച്ചില്ലെങ്കിൽ സാന്പത്തിക പ്രതിസന്ധി അതീവ ഗുരുതരമാകുമെന്നാണ് സൂചന. കേരളത്തിനുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാൻ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിന്റെ വരുമാനം പ്രതിവർഷം 8,000 മുതൽ 10,000 കോടി രൂപവരെ കുറയുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഒക്ടോബറിൽ ദീപാവലി സമ്മാനമായി ജിഎസ്ടി ഇളവുകളുടെ പരിഷ്കരണം നടപ്പാക്കുമെന്നാണ് സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
രാജ്യത്ത് ഏറ്റവുമധികം ജിഎസ്ടി വരുമാനമുള്ള മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, തമിഴ്നാട്, ഹരിയാന സംസ്ഥാനങ്ങളിൽ വലിയ വരുമാന ഇടിവുണ്ടാകുമെങ്കിലും കേരളം പോലുള്ള സംസ്ഥാനങ്ങളിലേതുപോലെ കടുത്ത പ്രതിസന്ധിയുണ്ടാകില്ല. കർണാടക, തമിഴ്നാട് തുടങ്ങിയ ഉപഭോഗചാലക സംസ്ഥാനങ്ങൾക്ക് നേട്ടമുണ്ടാകാനും സാധ്യതയുണ്ട്.
ജിഎസ്ടി നിരക്ക് കുറയുന്നതോടെ ഉത്പന്നങ്ങൾക്കു വില കുറയുകയും അതുവഴി ഉപഭോഗവും നികുതി വരുമാനവും വർധിക്കുകയും ചെയ്യുമെന്നാണു പ്രതീക്ഷ. സാന്പത്തികവളർച്ചയ്ക്ക് ഇത് ഉത്തേജനമാകും. ജിഡിപി വളർച്ച ഉയരുന്നതിന്റെ മെച്ചം രാജ്യത്തിനാകെയുണ്ടാകും.
യുപി, ബിഹാർ തുടങ്ങിയ വലിയ സംസ്ഥാനങ്ങൾക്ക് ഇതിന്റെ നേട്ടമുണ്ടായേക്കും. എന്നാൽ മൊത്തം നികുതിവരുമാനത്തിന്റെ 30-40 ശതമാനം ജിഎസ്ടിയിൽനിന്നുള്ള കേരളം, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ പിരിമുറുക്കം കൂടും.
കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സംയോജിത നഷ്ടം പ്രതിവർഷം 70,000 കോടി മുതൽ 1.8 ലക്ഷം കോടി രൂപ വരെയാകാമെന്നാണ് എസ്ബിഐ കണക്കാക്കുന്നത്.
മൊത്തവരുമാനം നാലു ലക്ഷം കോടി കുറയുമെന്ന് കേരള ധനമന്ത്രി അവകാശപ്പെടുന്നു. അതേസമയം, വളരെ ഉയർന്ന നിരക്കുള്ള ജിഎസ്ടി സ്ലാബുകളിലെ പരിഷ്കരണം പൊതുജനങ്ങൾക്ക് വിലക്കുറവിന്റെ നേട്ടമാകും.
ജിഎസ്ടി കൗണ്‍സിലിൽ സമവായം എളുപ്പമാകില്ല
സെപ്റ്റംബർ മൂന്ന്, നാല് തീയതികളിൽ ഡൽഹിയിൽ നടക്കുന്ന സംസ്ഥാന ധനമന്ത്രിമാരുടെ ജിഎസ്ടി കൗണ്‍സിൽ യോഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജിഎസ്ടി നിരക്ക് പരിഷ്കരണത്തിൽ സമവായം എളുപ്പമാകില്ല.
കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, പഞ്ചാബ്, ഹിമാചൽപ്രദേശ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ജിഎസ്ടി നിരക്ക് ഏകീകരണത്തെയും ഇളവുകളെയും എതിർത്തേക്കും.
നിരക്ക് പരിഷ്കരണത്തിൽ പുനർചിന്തനം ഉണ്ടായില്ലെങ്കിൽ നികുതിവരുമാനത്തിലെ കുറവ് പരിഹരിക്കാൻ കേന്ദ്രം അധിക നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാനങ്ങൾ ആവശ്യമുന്നയിക്കും.
ജിഎസ്ടി കൗണ്‍സിൽ യോഗത്തിൽ, യോജിച്ച തീരുമാനത്തിൽനിന്നു പിൻവാങ്ങാനും കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ആലോചിക്കുന്നുണ്ട്. ജിഎസ്ടി വരുമാനം കുറയുന്നതിനോട് ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങൾക്കും എതിർപ്പുണ്ട്.
എന്നാൽ, ജിഎസ്ടി കൗണ്‍സിലിൽ കേന്ദ്രത്തിനാണ് മൂന്നിലൊന്നു വോട്ടുകളുടെ വെയ്റ്റേജ്. എല്ലാ സംസ്ഥാനങ്ങൾക്കുംകൂടി മൊത്തം മൂന്നിൽ രണ്ട് വോട്ടുകളാണുള്ളത്.