ബിഹാറിൽ ഒഴിവാക്കപ്പെട്ട 65 ലക്ഷം പേർ ദരിദ്രരെന്ന് രാഹുൽ ഗാന്ധി
Friday, August 29, 2025 1:14 AM IST
സീതാമർഹി: ബിഹാറിൽ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേർ ദരിദ്രരും സാമൂഹ്യമായി പിന്നാക്കക്കാരുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വോട്ടർ അധികാർ യാത്രയുടെ ഭാഗമായി സീതാമർഹിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“ബിഹാർ ജനതയുടെ വോട്ടവകാശം കവരാൻ ബിജെപിയെയും തെരഞ്ഞെടുപ്പു കമ്മീഷനെയും അനുവദിക്കില്ല. വോട്ട് കൊള്ള നടത്തുന്ന ബിജെപിയെയും തെരഞ്ഞെടുപ്പു കമ്മീഷനെയും തുറന്നുകാട്ടും.
മഹാരാഷ്ട്രയിലും ഹരിയാനയിലും കർണാടകയിലും വോട്ട് കൊള്ള നടത്തിയവർ ബിഹാറിലും അത് ആവർത്തിക്കാൻ ശ്രമിക്കുകയാണ്. അതിന് അവരെ അനുവദിക്കില്ല. വോട്ട് കൊള്ള സംബന്ധിച്ച് വരും മാസങ്ങളിൽ കൂടുതൽ തെളിവ് പുറത്തുവിടും’’-രാഹുൽ പറഞ്ഞു. റാലിക്കു മുന്പായി പ്രസിദ്ധമായ ജാനകി ക്ഷേത്രത്തിൽ രാഹുൽ സന്ദർശനം നടത്തി. ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു ഇന്നലെ മോത്തിഹാരിയിൽവച്ച് വോട്ടർ അധികാർ യാത്രയിൽ പങ്കെടുത്തു.
തിരുത്തലിന് രണ്ടു ലക്ഷത്തോളം അപേക്ഷകൾ
ന്യൂഡൽഹി: ബിഹാറിലെ കരട് വോട്ടർപട്ടികയിലെ പേര് ചേർക്കൽ, ഒഴിവാക്കൽ ഉൾപ്പെടെ ആവശ്യങ്ങളുമായി 1.95 ലക്ഷത്തോളം അപേക്ഷകൾ ലഭിച്ചുവെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ. കാൽ ലക്ഷത്തോളം അപേക്ഷകളിൽ ഇതിനകം തീരുമാനമെടുത്തു.
അംഗീകൃത രാഷ്ട്രീയ പാർട്ടികളെയെടുത്താൽ സിപിഐ (എംഎൽ) ലിബറേഷൻ മാത്രം 79 അപേക്ഷകൾ നൽകി. ആർജെഡി മൂന്ന് അപേക്ഷകളും. തിരുത്തലിന് അപേക്ഷിക്കാൻ മൂന്നുദിവസംകൂടി മാത്രം അവശേഷിക്കവേ കോൺഗ്രസും ബിജെപിയും ഉൾപ്പെടെ ദേശീയ പാർട്ടികൾ ഒറ്റ അപേക്ഷ പോലും സമർപ്പിച്ചിട്ടില്ല.
വിവിധ കാരണങ്ങളാൽ കരട് വോട്ടർപട്ടികയിൽനിന്ന് 60 ലക്ഷത്തോളം പേരുകൾ ഒഴിവാക്കിയിരുന്നു. ഇതുമായി താരതമ്യപ്പെടുത്തിയാൽ തിരുത്തലുകൾക്ക് സമീപിച്ചവരുടെ എണ്ണം കുറവാണ്. അടുത്ത തിങ്കളാഴ്ച വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.