75-ാം വയസിൽ വിരമിക്കൽ: മലക്കംമറിഞ്ഞ് മോഹൻ ഭാഗവത്
Friday, August 29, 2025 1:15 AM IST
ന്യൂഡൽഹി: എഴുപത്തിയഞ്ചു വയസിൽ വിരമിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗവത്. ആരെങ്കിലും 75 വയസിൽ വിരമിക്കണമെന്നു പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കളുടെ വിരമിക്കൽ പ്രായം സംബന്ധിച്ച് ഏതാനും നാൾ മുന്‍പുള്ള അദ്ദേഹത്തിന്റെ പരാമർശങ്ങൾ വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടാണു പ്രസ്താവനയെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. രണ്ടു നേതാക്കൾക്കും അടുത്തമാസം 75 വയസ് തികയുകയുമാണ്.
“ജീവിതത്തിൽ ഏതു സമയത്തും വിരമിക്കാൻ ഞങ്ങൾ തയാറാണ്. സംഘം ആവശ്യപ്പെടുന്നകാലം വരെ ജോലി ചെയ്യാനും തയാറാണ്”-ആർഎസ്എസ് നൂറാം വാർഷികവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ വിശദീകരിക്കുന്നതിനിടെ മോഹൻ ഭാഗവത് പറഞ്ഞു. ആർഎസ്എസ് തീരുമാനങ്ങളെടുക്കുന്നത് ബിജെപിക്കുവേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കേന്ദ്രസര്‍ക്കാരുമായി നല്ല ബന്ധത്തിലാണുതാനും.
കേന്ദ്രവുമായും സംസ്ഥാനങ്ങളുമായും ആർഎസ്എസിനു നല്ല ബന്ധവും ഏകോപനവുമുണ്ട്. ആഭ്യന്തര വൈരുദ്ധ്യങ്ങളുണ്ടാകാമെങ്കിലും ഒരുതരത്തിലുള്ള കലഹവും നിലനിൽക്കുന്നില്ല. ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. എന്നാൽ, അത് തർക്കങ്ങളല്ല. അഭിപ്രായവ്യത്യാസങ്ങൾ ചര്‍ച്ച ചെയ്ത് കൂട്ടായ തീരുമാനം എടുക്കുന്നുന്നതാണ് ആർഎസ്എസിന്റെ രീതി.
തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ ആര്‍എസ്എസും ബിജെപിയും പരസ്പരവിശ്വാസം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും രണ്ട് സംഘടനകളുടെയും ലക്ഷ്യം ഒന്നാണെന്നും മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.