അദാനിയെ രക്ഷിക്കാൻ മോദി ട്രംപിനു മുന്നിൽ തലകുനിച്ചു: കേജരിവാൾ
Friday, August 29, 2025 1:14 AM IST
ന്യൂഡൽഹി: രാജ്യത്തെ കർഷകരുടെ താത്പര്യത്തേക്കാൾ വ്യവസായി ഗൗതം അദാനിയുടെ സംരക്ഷണത്തിനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻഗണന നൽകുന്നതെന്ന് ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷനും ഡൽഹി മുൻ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കേജരിവാൾ.
ഓഹരിവിപണിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് അദാനിക്കെതിരേ അമേരിക്കൻ ഏജൻസിയുടെ പക്കൽ കേസുള്ളതുകൊണ്ടാണ് ഡോണൾഡ് ട്രംപിന്റെ നടപടിക്കെതിരേ മോദി മൗനം പാലിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ കേജരിവാൾ ആരോപിച്ചു.
ട്രംപിന്റെ സമ്മർദത്തിനു വഴങ്ങി കേന്ദ്രസർക്കാർ ഇന്ത്യയെയും പരുത്തി കർഷകരെയും വഞ്ചിച്ചു. ഇനി അമേരിക്കയിൽ നിന്നു വരുന്ന പരുത്തിക്ക് ഇന്ത്യയിലെ പരുത്തിയേക്കാൾ ഏകദേശം 15 മുതൽ 20 കിലോഗ്രാം വരെ വിലക്കുറവായിരിക്കും. അങ്ങനെയൊരു അവസ്ഥയിൽ ഇന്ത്യയിലെ കർഷകർ എവിടെ പോകുമെന്നും എങ്ങനെ അവരുടെ പരുത്തി വിൽക്കുമെന്നും കേജരിവാൾ ചോദിച്ചു.
രണ്ടു വശങ്ങളിൽനിന്ന് രാജ്യത്തെ സാധാരണക്കാർ ആക്രമിക്കപ്പെടുന്നു. ഒരുവശത്ത് അമേരിക്ക 50 ശതമാനം തീരുവ ചുമത്തുന്പോൾ മറുവശത്ത് പ്രധാനമന്ത്രി മോദി അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള തീരുവ അവസാനിപ്പിക്കുകയുമാണ്. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ ഉയർന്ന തീരുവ ചുമത്തണം. ഈ നടപടിയെ രാജ്യം മുഴുവനും പിന്തുണയ്ക്കുമെന്നും കേജരിവാൾ ചൂണ്ടിക്കാട്ടി.