‘സ്ലാപ്പ്ഗേറ്റ് ’ദൃശ്യം പങ്കുവച്ച് ലളിത് മോദി
Saturday, August 30, 2025 1:52 AM IST
ലണ്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായങ്ങളില്‍ ഒന്നായ ‘സ്ലാപ്പ്ഗേറ്റ്’ വിവാദത്തിന്റെ ഇതുവരെ കാണാത്ത ദൃശ്യങ്ങള്‍ പുറത്തുവിട്ട് ലളിത് മോദി.
2008ലെ പ്രഥമ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഹര്ഭജന് സിംഗ് പഞ്ചാബ് കിംഗ്സ് ഇലവന്റെ മലയാളി പേസര്‍ എസ്. ശ്രീശാന്തിന്റെ മുഖത്തടിച്ച വിവാദമാണ് ‘സ്ലാപ്പ്ഗേറ്റ്’ എന്ന് അറിയപ്പെടുന്നത്.
പുറംകൈകൊണ്ട് ഹര്ഭജന് സിംഗ്, ശ്രീശാന്തിന്റെ മുഖത്തടിക്കുന്നതും സഹതാരങ്ങള്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതുമെല്ലാം ദൃശ്യത്തില്‍ വ്യക്തം. ശ്രീലങ്കന്‍ മുന്‍താരം സനത് ജയസൂര്യയെയും വീഡിയോയില്‍ കാണാം.
ഐപിഎല്‍ ആരംഭിച്ചതും ലീഗിന്റെ ആദ്യ ചെയര്‍മാനുമായ ലളിത് മോദി, സാമ്പത്തിക തിരിമറിയുള്‍പ്പെടെയുള്ള കേസിനെത്തുടര്‍ന്ന് ബ്രിട്ടനില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. 2010 മുതല്‍ ലണ്ടനില്‍ കഴിയുന്ന ലളിത് മോദിയുമായി ഓസ്ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് നടത്തിയ പ്രോഡ്കാസ്റ്റിലൂടെയാണ് ‘സ്ലാപ്പ്ഗേറ്റ്’ വിവാദ ദൃശ്യങ്ങള്‍ തരംഗമായത്. 17 വര്‍ഷത്തിനുശേഷവും ‘സ്ലാപ്പ്ഗേറ്റ്’ സോഷ്യല്‍ മീഡിയയില്‍ ആളിപ്പടര്ന്നെന്നതാണ് ശ്രദ്ധേയം.
ശ്രീശാന്തിന്റെ മുഖത്തടിച്ച കുറ്റത്തിന് ബിസിസിഐ ഹര്ഭജന് സിംഗിനെ അഞ്ച് രാജ്യാന്തര മത്സരങ്ങളില്‍നിന്നും 11 ഐപിഎല്‍ മത്സരങ്ങളില്‍നിന്നും വിലക്കിയിരുന്നു. തന്റെ ക്രിക്കറ്റ് കരിയറില്‍ എന്തെങ്കിലും മായിച്ചുകളയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ശ്രീശാന്ത് സംഭവമാണെന്ന് ഹര്ഭജന് അടുത്തിടെ വെളിപ്പെടുത്തി. അന്നത്തെ സംഭവത്തില്‍ അതിയായ ദുഃഖമുണ്ടെന്നും ഹര്ഭജന് മനസ് തുറന്നു.
സ്ലാപ്പ്ഗേറ്റിനുശേഷം ശ്രീശാന്തും ഹര്‍ഭജനും നിരവധി വേദികളില്‍ ഒന്നിച്ച് എത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയം.