സ്കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റിന് ഇന്ന് തുടക്കം
Thursday, August 28, 2025 11:27 PM IST
കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യപരിശീലനം നല്കി തൊഴില്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന സ്കില്‍ കേരള ഗ്ലോബല്‍ സമ്മിറ്റ് ഇന്നു തുടങ്ങും. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന് സമ്മിറ്റ് ഉദ്ഘാടനം ചെയ്യും.
കേരളത്തിനകത്തും പുറത്തും തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്ന ബൃഹദ് പദ്ധതിക്കാണ് ഇന്നും നാളെയും നടക്കുന്ന സമ്മിറ്റിലൂടെ തുടക്കമിടുന്നതെന്ന് മന്ത്രി പി. രാജീവും വിജ്ഞാനകേരളം പദ്ധതിയുടെ ഉപദേഷ്ടാവ് ഡോ. ടി.എം.തോമസ് ഐസക്കും പത്രസമ്മേളനത്തില്‍ പറഞ്ഞു.
യുവജനങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള തൊഴിലവസരങ്ങള്‍ ഒരുക്കുകയും ഭാവിയിലെ തൊഴില്‍വിപണിയില്‍ മത്സരിക്കാന്‍ അവരെ സജ്ജരാക്കുകയുമാണ് പ്രധാന ലക്ഷ്യം.