റഷ്യൻ എണ്ണ ഇറക്കുമതി സെപ്റ്റംബറിൽ ഉയരുമെന്ന് വ്യാപാരികൾ
Thursday, August 28, 2025 11:27 PM IST
മുംബൈ: ഇന്ത്യയിലേക്ക് റഷ്യയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി സെപ്റ്റംബറിൽ ഉയരുമെന്ന് വ്യാപാരികൾ പറഞ്ഞു. യുക്രെയിനിന്റെ ഡ്രോണ്‍ ആക്രമണത്തിൽ റഷ്യയുടെ ഉൗർജ സംവിധാനങ്ങൾക്ക് നാശമുണ്ടായി. ഇതേത്തുടർന്ന് കൂടുതൽ ക്രൂഡ് ഓയിൽ വിൽക്കാൻ ഉത്പാദകർ വില കുറച്ചിരിക്കുകയാണെന്ന് ഇവർ പറഞ്ഞു.
2022ൽ റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തിനുശേഷം റഷ്യക്കെതിരേ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തി. തുടന്ന് റഷ്യ വാങ്ങലുകാരെ കണ്ടെത്തുന്നതിനായി വലിയ വിലക്കിഴിവിൽ ക്രൂഡ് ഓയിൽ വില്പന നടത്തി. ഇതോടെ റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരായി ഇന്ത്യ മാറി. ഇത് ഇന്ത്യൻ റിഫൈനർമാർക്ക് വിലകുറഞ്ഞ ക്രൂഡിൽ നിന്ന് പ്രയോജനം നേടാൻ അനുവദിച്ചു.
ഈ വാങ്ങലുകളെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സർക്കാർ വിമർശിച്ചു. ഇന്ത്യ വാങ്ങൽ തുടരുന്നതിൽ ഇന്ത്യൻ ഇറക്കുമതികൾക്കുള്ള യുഎസ് തീരുവ 25 ശതമാനം അധികമാക്കി. ഇതോടെ ഇന്ത്യക്ക് മേലുള്ള യുഎസ് തീരുവ 50 ശതമാനത്തിലെത്തി. ട്രംപിന്റെ അധിക തീരുവകൾ പരിഹരിക്കാൻ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.
വിലക്കുറവുള്ള റഷ്യൻ എണ്ണയിൽനിന്ന് ഇന്ത്യ ലാഭം കൊയ്യുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥർ ആരോപിച്ചു, അതേസമയം യൂറോപ്യൻ യൂണിയനും യുഎസും ഇപ്പോഴും കോടിക്കണക്കിന് ഡോളറിന്റെ റഷ്യൻ സാധനങ്ങൾ വാങ്ങുന്നതിനാൽ പാശ്ചാത്യ രാജ്യങ്ങൾ കാട്ടുന്നത് ഇരട്ടത്താപ്പാണെന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ ആരോപിച്ചു.