ലുലുമാളിൽ ഓണാഘോഷങ്ങള്‍ക്കു തുടക്കം
Wednesday, August 27, 2025 11:13 PM IST
കൊച്ചി: ലുലുമാളിലെ ഓണാഘോഷപരിപാടികള്‍ക്കു തുടക്കമായി. ഓണം ഇവിടെയാണ് എന്നപേരില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷം ഗായകരായ വിജയ് യേശുദാസ്, സുധീപ് കുമാര്‍, രഞ്ജിനി ജോസ്, രാകേഷ് ബ്രഹ്മാനന്ദന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ സെപ്റ്റംബര്‍ ഏഴിനു സമാപിക്കും.
ഓണത്തെ വരവേറ്റ് 20 അടി ഉയരമുള്ള കൂറ്റന്‍ ചുട്ടിമുഖന്‍ ശില്പം ലുലു മാളിനു മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുകൂടാതെ നാഗമുഖി, കാക്കത്തമ്പുരാന്‍ എന്നിവയും ഓണ ശില്പപ്രദര്ശനത്തിനുണ്ടാകും. ലുലു ഫുഡ് കോര്‍ട്ടിലെ വിആര്‍ വള്ളംകളിയും വേറിട്ട കാഴ്ചയാണ്.
ആഘോഷത്തില്‍ പ്രമുഖ ചലച്ചിത്ര പിന്നണി ഗായകര്‍ നേതൃത്വം നല്കുന്ന സംഗീതവിരുന്നും കുട്ടികള്‍ക്കായുള്ള വിനോദപരിപാടികളും അരങ്ങേറും. ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി ലുലു മാള്‍ പുറത്തിറക്കിയ അവതരണഗാനം ഗായകന് വിജയ് യേശുദാസ് പ്രകാശനം ചെയ്തു.
ചടങ്ങില്‍ ലുലു ഡയറക്ടര്‍ സാദിഖ് കാസിം, റീജണല്‍ മാനേജര്‍ സുധീഷ് നായര്‍, മീഡിയ ഹെഡ് എന്‍.ബി. സ്വരാജ്, കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്. നാഥ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത് എന്നിവര്‍ പ്രസംഗിച്ചു.