യുഎസ് തീരുവ വര്‍ധന; രാജ്യത്തെ സ്വര്‍ണ വ്യവസായ മേഖലയ്ക്കു തിരിച്ചടിയാകും
Wednesday, August 27, 2025 11:13 PM IST
കൊച്ചി: ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിക്ക് 50 ശതമാനം തീരുവ ചുമത്തിയ യുഎസ് തീരുമാനം രാജ്യത്തെ സ്വര്‍ണ, വജ്ര വ്യവസായ മേഖലയ്ക്കു തിരിച്ചടിയാകുമെന്ന് ആശങ്ക. ഇന്ത്യയില്‍നിന്ന് ഏകദേശം 35 ബില്യന്‍ ഡോളറിന്റെ സ്വര്‍ണവും വജ്രവുമാണ് കയറ്റുമതി ചെയ്യുന്നത് . ഇതില്‍ പത്തു ശതമാനം മുതല്‍ 12 ശതമാനം വരെയാണ് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത്.
ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതില്‍ 95 ശതമാനവും പ്രകൃതിദത്ത ഡയമണ്ടും സിന്തറ്റിക് ഡയമണ്ടുമാണ്. 2.1 ശതമാനത്തില്‍നിന്ന് 50 ശതമാനം കൂടി തീരുവ വര്‍ധിപ്പിക്കുന്നതോടെ കയറ്റുമതിച്ചെലവുകള് ഗണ്യമായി വര്‍ധിക്കുമെന്നാണ് സ്വര്‍ണവ്യാപാരികള്‍ പറയുന്നത്.
മുംബൈ, സൂറത്ത് എന്നിവിടങ്ങളിലെ കയറ്റുമതിക്കാര്‍ തത്കാലം ഓര്‍ഡര്‍ സ്വീകരിക്കുന്നില്ല. കയറ്റുമതി ഓര്‍ഡറുകള്‍ സ്വീകരിക്കാതെ വന്നാല്‍ ഫാക്ടറികള്‍ അടച്ചിടേണ്ടിവരും. അത് വന്‍തോതില്‍ തൊഴില്‍നഷ്ടം വരുത്തുമെന്നും ആശങ്കയുണ്ട്.
സ്വര്‍ണാഭരണങ്ങള്‍ കൂടുതലായി കയറ്റുമതി ചെയ്യുന്നത് കേരളം, തമിഴ്നാട്, കർണാടക, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ്.
കേരളത്തില്‍നിന്ന് 90 ശതമാനം കയറ്റുമതി യുഎഇയിലേക്കാണ്. കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍നിന്നുള്ള കയറ്റുമതി പൂര്‍ണമായും നടക്കുന്നതും യുഎഇയിലേക്കുതന്നെ. യുഎസിലേക്കുള്ള കയറ്റുമതി തീരുവ വര്‍ധിപ്പിച്ചത് സ്വര്‍ണ, വജ്ര വ്യവസായ മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.