റിലയൻസും മെറ്റയും കൈകോർക്കുന്നു; 855 കോടി നിക്ഷേപത്തിൽ പുതിയ കന്പനി
Friday, August 29, 2025 11:24 PM IST
കൊച്ചി/മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും ഫേസ്ബുക്കിന്റെ മാതൃകന്പനി മെറ്റയും ചേർന്ന് സംയുക്ത സംരംഭം രൂപീകരിക്കുന്നു.
ഇന്ത്യയിലെയും മറ്റ് തെരഞ്ഞെടുത്ത രാജ്യങ്ങളിലെയും കന്പനികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സേവനങ്ങൾ നൽകുകയാണ് പുതിയ കന്പനിയുടെ ലക്ഷ്യം. സംയുക്ത സംരംഭം ആരംഭിക്കുന്നതിനായി ഇരുകന്പനികളും ചേർന്ന് 855 കോടി രൂപയാണ് ആദ്യഘട്ടത്തിൽ നിക്ഷേപിക്കുക. എന്റർപ്രൈസ് എഐ സൊലൂഷനുകളിലായിരിക്കും പുതിയ കന്പനി ശ്രദ്ധയൂന്നുക.
മെറ്റയുടെ അത്യാധുനിക ഓപ്പണ്‍സോഴ്സ് ലാമ മോഡലുകളിൽ അധിഷ്ഠിതമായിട്ടായിരിക്കും എന്റർപ്രൈസ് എഐ പ്ലാറ്റ്ഫോം സേവനങ്ങൾ പുതുസംരംഭം നൽകുക. സെയ്ൽസ്, മാർക്കറ്റിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളിൽ കസ്റ്റമൈസ് ചെയ്ത ജനറേറ്റീവ് എഐ മോഡലുകൾ വിന്യസിക്കാനും സന്പൂർണ എഐ അന്തരീക്ഷത്തിലേക്ക് മാറാനും കന്പനികളെ സഹായിക്കുന്ന രീതിയിലുള്ള സാങ്കേതികവിദ്യയാണ് റിലയൻസ്-മെറ്റ കൂട്ടുകെട്ട് ലഭ്യമാക്കുക.
ഇന്ത്യയിലെ ചെറുകിട ബിസിനസുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് താങ്ങാവുന്ന വിലയിൽ റിലയൻസിന്റെ ഡിജിറ്റൽ അടിസ്ഥാനസൗകര്യം ഉപയോഗപ്പെടുത്തി സേവനം നൽകാൻ പുതിയ സംരംഭത്തിനാകും. വളരെ ചെറിയ ചെലവിൽ ഹൈ പെർഫോമൻസ് മോഡലുകൾ വിന്യസിക്കാൻ ഇന്ത്യൻ സംരംഭങ്ങൾക്ക് ഇതിലൂടെ സാധിക്കും.