റിലയൻസ് ജിയോ ഐപിഒ അടുത്ത വർഷം: മുകേഷ് അംബാനി
Friday, August 29, 2025 11:24 PM IST
കൊച്ചി/മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം വിഭാഗമായ റിലയൻസ് ജിയോയുടെ പ്രഥമ ഓഹരിവിൽപ്പന(ഐപിഒ) അടുത്ത വർഷം.
2026 ആദ്യ പകുതിയിലായിരിക്കും ജിയോയുടെ ഐപിഒ. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ 48-ാമത് വാർഷിക പൊതുയോഗത്തിലാണ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഇക്കാര്യം പറഞ്ഞത്.
500 മില്യണ്‍ ഉപയോക്താക്കൾ എന്ന നാഴികക്കല്ല് ജിയോ പിന്നിട്ടുകഴിഞ്ഞു. യുഎസ്, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യ എല്ലാംകൂടി ചേർത്ത് വച്ചതിനേക്കാളും വരും ജിയോയുടെ ഉപയോക്താക്കൾ- അംബാനി വിശദമാക്കി.
2025 സാന്പത്തികവർഷത്തിൽ 1.28 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ജിയോ നേടിയത്. ജിയോ പ്ലാറ്റ്ഫോമിന്റെ സബ്സിഡിയറിയായ റിലയൻസ് ജിയോ 2016 സെപ്റ്റംബറിലാണ് ഉപഭോക്താക്കളിലെക്കെത്തിയത്. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ ടെലികോം നെറ്റ് വർക്ക് ഓപ്പറേറ്ററാണ് റിലയൻസ് ജിയോ.