പുതിയ മുഖവുമായി കൈഗർ ഫെയ്സ്ലിഫ്റ്റ്
Friday, August 29, 2025 11:26 PM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
വന്പന്മാർ വാഴുന്ന ഇന്ത്യൻ വാഹനവിപണിയിൽ സാധാരണക്കാരുടെ ഇഷ്ടങ്ങൾ മനസിലാക്കി പതിയെപ്പതിയെ വിപണി പിടിക്കുക എന്ന തന്ത്രമാണ് ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ പയറ്റുന്നത്.
അതിന് ഒടുവിലത്തെ ഉദാഹരണമാണ് റെനോ ഇന്ത്യ കഴിഞ്ഞ രണ്ടു മാസത്തിനിടെ മുഖം മിനുക്കി വിപണിയിൽ എത്തിച്ച ട്രൈബർ, കൈഗർ വാഹനങ്ങൾ. ഇതിൽ കൈഗറിലാണ് റെനോ കൂടുതൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. എക്സ്റ്റീരിയർ, ഇന്റീരിയർ, സാങ്കേതികവിദ്യ, സുരക്ഷാ എന്നിവയിലടക്കം 35ലധികം അപ്ഡേഷനുകളാണ് കൈഗറിൽ വരുത്തിയിരിക്കുന്നത്.
2021ൽ ഇന്ത്യൻ നിരത്തിലിറങ്ങിയ ഈ കോംപാക്റ്റ് എസ്യുവി ഉത്സവകാല വിപണി ലക്ഷ്യമിട്ടാണ് ഇപ്പോൾ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. ഒതെന്റിക്, എവല്യൂഷൻ, ടെക്നോ, ഇമോഷൻ എന്നീ വേരിയന്റുകളിലാവും കൈഗർ ഫെയ്സ്ലിഫ്റ്റ് വിപണിയിലെത്തുക. ഇവയ്ക്ക് യഥാക്രമം 6.29 ലക്ഷം, 7.09 ലക്ഷം, 8.19 ലക്ഷം, 9.14 ലക്ഷം എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. ടർബോ വേരിയന്റുകളുടെ വില ആരംഭിക്കുന്നത് 9.99 ലക്ഷം രൂപ മുതലാണ്.
21 സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളാണ് കൈഗർ ഫെയ്സ്ലിഫ്റ്റിലുള്ളത്. ആറ് എയർബാഗുകൾ, ട്രാക്ഷൻ കണ്ട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഐഎസ്ഓഎഫ്ഐഎക്സ് ചൈൽഡ് സീറ്റ് ആങ്കറേജ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, മൾട്ടി വ്യൂ കാമറ എന്നിവയാണ് പ്രധാന സുരക്ഷാ ഫീച്ചറുകൾ. ഡിസൈനിൽ വാഹനത്തിന്റെ സൗന്ദര്യവർധനയ്ക്കു പുതിയ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പുനർരൂപകൽപ്പന ചെയ്ത മുൻഭാഗമാണ് ഇതിൽ എടുത്തുപറയേണ്ടത്. പുതിയ 2ഡി ഡയമണ്ട് ലോഗോ വഹിക്കുന്ന സ്ലീക്ക് ഗ്രിൽ, എൽഇഡി ഹെഡ്ലാന്പുകൾ, ഫോഗ് ലാന്പുകൾ, പുതിയ ഹുഡ്, റിയർ ബന്പറുകൾ, ടെയിൽ ലാന്പുകൾ, സ്കിഡ് പ്ലേറ്റുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് ഇവേഷൻ അലോയ് വീലുകൾ എന്നീങ്ങനെയാണ് പ്രധാന മാറ്റങ്ങൾ.
വാഹനത്തിന്റെ ഉൾവശത്ത് കൂടുതൽ മികച്ച കാബിൻ അനുഭവത്തിനായി മെച്ചപ്പെടുത്തിയ വോയ്സ് ഇൻസുലേഷൻ, പുതിയ ഡ്യുവൽ-ടോണ്‍ ഡാഷ്ബോർഡ്, പ്രീമിയം വെന്റിലേറ്റഡ് ലെതറെറ്റ് സീറ്റുകൾ, പുതിയ സീറ്റ് അപ്ഹോൾസ്റ്ററി, ആംബിയന്റ് ലൈറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, ഓട്ടോമാറ്റിക് ഹെഡ്ലാന്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, വയർലെസ് സ്മാർട്ട്ഫോണ്‍ കണക്റ്റിവിറ്റി, 20.32 സെന്റിമീറ്റർ ഫ്ലോട്ടിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ്, പ്രീമിയം 3 ഡി ആർക്കമിസ് സറൗണ്ട് സൗണ്ട് സിസ്റ്റം, ആന്റി പിഞ്ചോഡുകൂടിയ ഡ്രൈവർ സൈഡ് വിൻഡോ ഓട്ടോ അപ് ഡൗണ്‍ എന്നിങ്ങനെ നീളുന്ന ഫീച്ചറുകൾ.
കൈഗർ ഫെയ്സ്ലിഫ്റ്റിന്റെ മെക്കാനിക്കൽ സൈഡിൽ മാറ്റങ്ങളൊന്നുംതന്നെയില്ല. രണ്ട് പെട്രോൾ എൻജിനുകൾ നിലനിർത്തുന്നു. ആദ്യത്തെ 1.0 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിൻ 72 ബിഎച്ച്പി പരമാവധി കരുത്തും 96 എൻഎം വരെ ടോർക്കും നൽകുന്നു.
ഉയർന്ന വേരിയന്റുകളിൽ 100 ബിഎച്ച്പി കരുത്തും 160 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ ലഭിക്കും. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ട്രാൻസ്മിഷൻ ഓപ്ഷനിൽ വാഹനം വാങ്ങാം. 20.38 കിലോമീറ്റർ മൈലേജാണ് കന്പനി വാഗ്ദാനം ചെയ്യുന്നത്.
ഇക്കോ, നോർമൽ, സ്പോർട്ട് എന്നീ മൂന്ന് വ്യത്യസ്ത ഡ്രൈവിംഗ് മോഡുകളുമുണ്ട്. മൂന്ന് വർഷത്തെ വാറന്റിയോടെ ഡീലർ ഫിറ്റഡ് സിഎൻജി കിറ്റും കൈഗർ ഫെയ്സ്ലിഫ്റ്റ് ലഭ്യമാണ്.
ടാറ്റ നെക്സോണ്‍, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മാരുതി ഫ്രോങ്ക്സ്, നിസാൻ മാഗ്നൈറ്റ്, സ്കോഡ കൈലാക് തുടങ്ങിയവരാണ് കൈഗർ ഫെയ്സ്ലിഫ്റ്റിന്റെ എതിരാളികൾ.