ചൈനീസ് സൈനിക പരേഡ് കാണാൻ കിം ജോംഗ് ഉന്നും
Friday, August 29, 2025 1:28 AM IST
ബെയ്ജിംഗ്: രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടതിന്റെ 80-ാം വാർഷികത്തോട് അനുബന്ധിച്ച് അടുത്തയാഴ്ച ചൈനയിൽ നടക്കുന്ന വന്പൻ സൈനിക പരേഡിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനൊപ്പം ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും പങ്കെടുക്കും. ഒന്നിലധികം രാഷ്ട്രത്തലവന്മാരെത്തുന്ന വേദിയിൽ കിം പങ്കെടുക്കുന്നത് ഇതാദ്യമാണ്.
ചൈനയെ ആഗോളശക്തിയാക്കി വളർത്തുന്ന പ്രസിഡന്റ് ഷി ചിൻപിംഗിന്റെ സ്വാധീനശേഷികൂടി വെളിപ്പെടുന്ന വേദിയാണിത്. സെപ്റ്റംബർ മൂന്നിന് ബെയ്ജിംഗിൽ നടക്കുന്ന ‘വിജയദിന പരേഡ്’ വീക്ഷിക്കാൻ ഇന്തോനേഷ്യൻ പ്രസിഡന്റും മലേഷ്യൻ പ്രധാനമന്ത്രിയും അടക്കം 26 രാഷ്ട്ര നേതാക്കളാണ് എത്തുന്നത്.
1959നു ശേഷം ആദ്യമായിട്ടാണ് ഒരു ഉത്തരകൊറിയൻ നേതാവ് ചൈനയുടെ സൈനിക പരേഡ് കാണാനെത്തുന്നത്. അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഉത്തരകൊറിയൻ നേതാവ് കിമ്മുമായി കൂടിക്കാഴ്ചയ്ക്കു താത്പര്യം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് അദ്ദേഹം ബെയ്ജിംഗിലെത്തുമെന്ന വാർത്ത പുറത്തുവന്നതെന്നതും ശ്രദ്ധേയം.
വിമാനങ്ങൾ, ടാങ്കുകൾ, മിസൈലുകൾ മുതലായ ചൈനയുടെ അത്യാധുനിക ആയുധങ്ങൾ പരേഡിൽ പ്രദർശിപ്പിക്കും എന്നാണ് റിപ്പോർട്ട്.