അമേരിക്കൻ സ്കൂളിൽ കുർബാനയ്ക്കിടെ വെടിവയ്പ്; രണ്ട് മരണം
Thursday, August 28, 2025 3:53 AM IST
സെന്റ് പോൾ: അമേരിക്കയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ടു. 20 കാരനായ അക്രമി സ്വയം വെടിവച്ച് ജീവനൊടുക്കുകയും ചെയ്തു. മിനെസോട്ട സംസ്ഥാനത്തെ മിനിയപൊളിസിലെ അനൺസിയേഷൻ കത്തോലിക്കാസ്കൂളിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.
സ്കൂളിനോടു ചേർന്ന പള്ളിയിൽ വിശുദ്ധ കുർബാനയ്ക്കിടെയാണ് ജനലിലൂടെ അക്രമി വെടിയുതിർത്തത്. എട്ടും പത്തും വയസുള്ള വിദ്യാർഥികളും അക്രമിയുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ 17 പേർക്കു പരിക്കേറ്റതായും ഇതിൽ ഏഴു കുട്ടികളുടെ നില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു.
വെടിവയ്പ് നടത്തിയയാളുടെ കൈവശം ഒരു റൈഫിൾ, ഒരു ഷോട്ട്ഗൺ, ഒരു പിസ്റ്റൾ എന്നിവ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജനാലയ്ക്കിടയിലൂടെയാണ് പ്രതി വെടിയുതിർത്തതെന്ന് റിപ്പോർട്ടുണ്ട്.
സംഭവത്തെ അപലപിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ്, എഫ്ബിഐ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായും സ്ഥിതിഗതികൾ വൈറ്റ്ഹൗസ് നിരീക്ഷിച്ചുവരികയാണെന്നും സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.