ലെയോ പതിനാലാമന്‍ മാർപാപ്പയെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക പുസ്തകം വിപണിയിൽ
Thursday, August 28, 2025 3:53 AM IST
വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയെക്കുറിച്ചുള്ള ആദ്യ ഔദ്യോഗിക ഗ്രന്ഥം പുറത്തിറങ്ങി.
മാർപാപ്പയായശേഷം നടത്തിയ പ്രഭാഷണങ്ങളും മാർപാപ്പയെക്കുറിച്ചുള്ള വിവരണങ്ങളും ഉൾപ്പെടുന്ന ‘Let There Be Peace! Words to the Church and the World’ (സമാധാനം ഉണ്ടാകട്ടെ! സഭയ്ക്കും ലോകത്തിനും വേണ്ടിയുള്ള വാക്കുകൾ) എന്നപേരിലുള്ള പുസ്തകമാണ് വത്തിക്കാൻ പ്രസിദ്ധീകരണ വിഭാഗം ഇന്നലെ പുറത്തിറക്കിയത്.
160 പേജുള്ള ഗ്രന്ഥം ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാണു പുറത്തിറക്കിയിരിക്കുന്നത്. മേയ് എട്ടിന് പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടതുമുതൽ ആയുധരഹിത ലോകത്തിനും സമാധാനത്തിനും വേണ്ടിയാണ് ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തത്.
ദൈവത്തിന്റെ സജീവ സാന്നിധ്യം, സഭയിലെ കൂട്ടായ്മ, സമാധാനത്തിനുവേണ്ടിയുള്ള ആഹ്വാനം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ സന്ദേശങ്ങളിലെ കേന്ദ്രബിന്ദു. ഇത്തരത്തില്‍ ആദ്യ പൊതു പ്രസംഗങ്ങൾ ഉള്‍ക്കൊള്ളിച്ചാണ് വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് മാർപാപ്പയുടെ പേരില്‍ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.